വടക്കാഞ്ചേരി: കുണ്ടന്നൂരില്‍ സ്‌ഫോടനത്തില്‍ തകര്‍ന്ന വെടിക്കെട്ടുപുരയിലെ (മാഗസിന്‍) കരിമരുന്നും അമിട്ടുകളും അടക്കമുള്ള വെടിക്കെട്ടുസാമഗ്രികളെല്ലാം നിര്‍വീര്യമാക്കി. രാവിലെ മാഗസിന്‍ തുറന്ന് ചാക്കുകളില്‍ നിറച്ചുവെച്ചിരുന്ന കരിമരുന്നും തിരികളും ആദ്യം സുരക്ഷിതമായി പുറത്തെത്തിച്ചു. അവ അളന്നു തിട്ടപ്പെടുത്തിയ ശേഷം മുട്ടിക്കല്‍ കുന്നിലെ വിജനമായ ക്വാറിയില്‍ എത്തിച്ചാണ് നിര്‍വീര്യമാക്കിയത്.ആയിരത്തോളം കിലോ കരിമരുന്ന് തിരികള്‍ ഉപയോഗിച്ച് കത്തിച്ചു. പിന്നീട് ബോള്‍ അമിട്ടുകളും നിര്‍വീര്യമാക്കി. കരിമരുന്ന് മിശ്രിതം അടങ്ങിയ സാമഗ്രികള്‍ കത്തിച്ചു. ഇത്തവണ കത്തിച്ചപ്പോള്‍ അന്‍പത് മീറ്ററോളം തീ ആളിക്കത്തി. ഇതിനിടെ സമീപത്തെ പുല്ലിലേക്കും തീപടര്‍ന്നെങ്കിലും സ്ഥലത്തുണ്ടായിരുന്ന അഗ്നിശമന സേന തീ അണച്ചു. മൂന്ന് ഘട്ടമായാണ് വെടിക്കെട്ടുസാമഗ്രികള്‍ നിര്‍വീര്യമാക്കിയത്.
പെസോ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.ശരവണന്‍, സബ് കളക്ടര്‍ മുഹമ്മദ് ഷെഫീഖ്, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ടി.മുരളി, സയന്റിഫിക് ഓഫീസര്‍ റിനി തോമസ്, കുന്നംകുളം എ.സി.പി. ടി.എസ്.സിനോജ്, വടക്കാഞ്ചേരി എസ്.എച്ച്.ഒ. കെ. മാധവന്‍കുട്ടി എന്നിവരും വടക്കാഞ്ചേരിയിലെ അഗ്നിശമനസേനയും സ്ഥലത്ത് ക്യാമ്പ് ചെയ്തതാണ് അപകടകാരിയായ വെടിക്കെട്ടുസാമഗ്രികള്‍ നിര്‍വീര്യമാക്കിയത്. ജനുവരി 30ന് നടന്ന സ്‌ഫോടനത്തില്‍ ഒരു തൊഴിലാളി മരിച്ചിരുന്നു. പാലക്കാട്ടു നിന്നെത്തിയ ദേശമംഗലം സുരേന്ദ്രന്റെ നേതൃത്വത്തിലുളള തൊഴിലാളികളാണ് വെടിക്കെട്ടുസാമഗ്രികള്‍ കത്തിച്ചത്.