തൃശൂര്‍: കോണ്‍ഗ്രസ് അഖിലേന്ത്യാ നേതാവ് രാഹുല്‍ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ നടത്തിയ നൈറ്റ് മാര്‍ച്ചില്‍ നൂറുകണക്കിന് പേര് അണിനിരന്നു. സത്യം വിളിച്ചു പറഞ്ഞതിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയെ ഏത് ജയിലില്‍ അടച്ചാലും ആ ജയിലഴികള്‍ താനേ തുറക്കുമെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന് പറഞ്ഞു. കോണ്‍ഗ്രസ് രാജ്യത്ത് വളര്‍ത്തിയെടുത്ത ബഹുസ്വരതയെ തകര്‍ക്കാന്‍ നരേന്ദ്ര മോദി ശ്രമിച്ചാല്‍ രാജ്യത്തെ ജനങ്ങള്‍ ചോദ്യം ചെയ്യും .
രാജ്യത്തിന്റെ സമ്പത്ത് കോര്‍പറേറ്റുകള്‍ക്ക് വിറ്റു തുലക്കുന്നതിനെയാണ് രാഹുല്‍ ചോദ്യം ചെയ്തത് .രാഹുല്‍ സംസാരിക്കുന്നത് സ്നേഹത്തിന്റെ ഭാഷയാണ് . അത് മനസ്സിലാക്കാന്‍ മോദിക്കാവില്ലെന്നും സുധാകരന് പറഞ്ഞു. നൈറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.സുധാകരന് എം.പി. ഡി.സി.സി. പ്രസിഡണ്ട് ജോസ് വള്ളൂര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ എം.പിമാരായ ടി.എന്‍. പ്രതാപന് , ബെന്നി ബഹനാന്, രമ്യാ ഹരിദാസ് , ടി.ജെ സനീഷ്കുമാര് എം.എല്‍.എ , എം.പി. വിന്‍സെന്റ് ,അനില്‍ അക്കര ,എം.പി. ജാക്സണ്, അഡ്വ ജോസഫ് ടാജറ്റ് , സുനില്‍ അന്തിക്കാട് , രാജേന്ദ്രന് അരങ്ങത്ത് , സി.എസ്. ശ്രീനിവാസ്, ഷാജി കോടങ്കണ്ടത്, ജോണ്‍ ഡാനിയേല്‍, എ.പ്രസാദ് ,സി.സി. ശ്രീകുമാര്‍, കെ.ബി. ശശികുമാര്‍, ഐ.പി. പോള്‍, സി.ഒ. ജേക്കബ്, നിജി ജസ്റ്റിന്, കെ.ഗോപാലകൃഷ്ണന്, കെ.എഫ.് ഡൊമിനിക്, കെ എച്ച്. ഉസ്മാന്ഖാന് തുടങ്ങിയവര്‍ പ്രസംഗിച്ചു . പടിഞ്ഞാറേകോട്ടയില്‍ നിന്നും തുടങ്ങിയ നൈറ്റ് മാര്‍ച്ച് സ്വരാജ് റൗണ്ട് ചുറ്റി കോര്പറേഷന് ഓഫീസിനു മുന്പില് അവസാനിച്ചു .