Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

അന്തിക്കാട് പാടശേഖരത്തില്‍ വിഷാംശമില്ലാത്ത തണ്ണീര്‍മത്തന് നൂറുമേനി വിളവ്

വിഷുവിന് വിഷരഹിത തണ്ണീര്‍മത്തന്‍

തൃശൂര്‍: ഇത്തവണ വിഷുക്കണിയ്ക്കായി തനി നാടന്‍ തണ്ണിമത്തന്‍ വിപണിയിലെത്തും. അന്തിക്കാട് ശ്രീരാമന്‍ചിറ പാടശേഖരത്തില്‍ വിളഞ്ഞത് വിഷം കലരാത്ത തണ്ണീര്‍മത്തന്‍. 20 ഏക്കറിലാണ് മധുരതരമായ തണ്ണീര്‍ മത്തന്‍ വിളഞ്ഞത്. കൃഷി മന്ത്രി പി.പ്രസാദിന്റെയും, മുന്‍മന്ത്രി വി.എസ്.സുനില്‍കുമാറിന്റെയും സാന്നിധ്യത്തില്‍ തണ്ണീര്‍ മത്തന്‍ വിളവെടുപ്പ് നാട്ടുകാര്‍ക്ക് ഉത്സവമായി. 150 ടണ്‍ തണ്ണീര്‍ മത്തന്‍ പ്രത്യേക സ്റ്റിക്കറോടെ നഗരത്തിലെയടക്കം സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഉടന്‍ വില്‍പനയ്‌ക്കെത്തും. മന്ത്രി പി.പ്രസാദും, സംവിധായകന്‍ സത്യന്‍ അന്തിക്കാടും ചെര്‍ന്നാണ് തണ്ണീര്‍മത്തന്‍ വിളവെടുത്തത്. വര്‍ഷത്തില്‍ നാല് മാസം കോളില്‍ നെല്‍കൃഷി ചെയ്യാറില്ല. ഈ സമയത്ത് കോള്‍ തരിശായി കിടക്കുകയാണ് പതിവ്. ഈ  നാല് മാസക്കാലം കോളില്‍ എന്തെങ്കിലും കൃഷി ചെയ്യാന്‍ മുന്‍ കൃഷിമന്ത്രി കൂടിയായ വി.എസ്.സുനില്‍കുമാര്‍ ആഗ്രഹിച്ചിരുന്നു. ഈ മേഖലയില്‍ വി.കെ.മോഹന്‍ കാര്‍ഷിക സംസ്‌കൃതിയുടെ നേതൃത്വത്തില്‍ ജൈവകൃഷി തകൃതിയായി നടന്നിരുന്നു. കോളില്‍ തണ്ണീര്‍മത്തന്‍ കൃഷി ചെയ്യുകയെന്ന ദൗത്യം വി.കെ.മോഹന്‍ കാര്‍ഷിക സംസ്‌കൃതി ഏറ്റെടുത്തു. കോളില്‍ ഒരു കൃഷിക്ക് പകരം രണ്ട് തവണ കൃഷി ചെയ്യുക എന്ന ആശയത്തില്‍ നിന്നാണ് കോള്‍ ഡബിള്‍ എന്ന പേരുണ്ടായത്. പാടശേഖരത്തില്‍ 20 ഏക്കറില്‍ ഏഴായിരം തണ്ണീര്‍മത്തന്‍ വിത്തുകള്‍ നട്ടു. ഇതില്‍ പകുതിയിലധികം മുളച്ചു. തുള്ളിനനയ്ക്കായി 9 ലക്ഷം ചിലവില്‍ 3.5 കിലോ മീറ്റര്‍ പ്രധാന പൈപ്പ് ലൈന്‍ മാത്രം സ്ഥാപിച്ചു.  കോള്‍ കൃഷി തുടങ്ങുമ്പോള്‍ പൈപ്പ് ലൈന്‍ മാറ്റും. കര്‍ഷകരായ വിത്സന്‍ പുലിക്കോട്ടില്‍, മലപ്പുറം സ്വദേശി സഫറുള്ള എന്നിവരാണ് കൃഷിക്ക് മാര്‍നിര്‍ദേശം നല്‍കിയത്. ജൈവ തണ്ണിമത്തന് ആവശ്യക്കാര്‍ ഏറെയാണ്. വന്‍കിട കച്ചവടക്കാര്‍ വരെ ഇവിടെ അന്വേഷിച്ചെത്തി. അടുത്ത വര്‍ഷം ആയിരം ഏക്കറിലെങ്കിലും തണ്ണീര്‍ മത്തന്‍ കൃഷി നടത്തുകയാണ് ലക്ഷ്യമെന്ന് സംസ്‌കൃതി ചെയര്‍മാന്‍ വി.എസ്.സുനില്‍കുമാറും, കെ.കെ.രാജേന്ദ്രബാബുവും പറഞ്ഞു നേരത്തെ ഇവിടെ ചോളം, സൂര്യകാന്തി എന്നിവയും കൃഷി ചെയ്തിട്ടുണ്ട്. തൃശൂര്‍ നഗരത്തിലെ താല്‍ക്കാലിക കൗണ്ടറിൽ വഴിയും ജൈവ തണ്ണിമത്തന്‍ വില്‍ക്കും.

ആരോഗ്യത്തോടെ ജീവിക്കാന്‍ വിഷരഹിത ജൈവകൃഷി മാതൃകയാക്കണമെന്ന് മന്ത്രി പ്രസാദ്, കൃഷി അഭിമാനമെന്ന് സത്യന്‍ അന്തിക്കാട്

സാമ്പത്തിക വര്‍ഷത്തില്‍ 100 കോടി കാര്‍ഷിക ഉത്പന്നങ്ങള്‍
വില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കൃഷിമന്ത്രി പി.പ്രസാദ് അറിയിച്ചു. ആരോഗ്യത്തോടെ ജീവിക്കാന്‍ വിഷരഹിത ജൈവ കൃഷി നിലനില്‍ക്കണം.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പഠനറിപ്പോര്‍ട്ടില്‍ ഒരാള്‍ ദിവസവും 200 ഗ്രാമെങ്കിലും പച്ചക്കറി കഴിക്കണം. 50 ഗ്രാം ഇലവര്‍ഗവും, നൂറ് ഗ്രാം പഴവര്‍ഗവും, 50 ഗ്രാം കിഴങ്ങും കഴിക്കുന്നത് ശീലമാക്കണം. കൃഷി ആനന്ദവും, ആരോഗ്യവും, ആദായവും നല്‍കും. കൃഷിക്കുള്ള മണ്ണും, മനുഷ്യരും ഉണ്ട്. അതോടൊപ്പം കൃഷി ചെയ്യാനുള്ള മനസ്സും താല്‍പര്യവും വേണമെന്നും  മന്ത്രി പി.പ്രസാദ് അഭിപ്രായപ്പെട്ടു. അന്തിക്കാട് ശ്രീരാമന്‍ചിറ പാടശേഖരത്തില്‍ തണ്ണീര്‍മത്തന്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ പ്രധാന ആഘോഷങ്ങള്‍ എല്ലാം വിളവെടുപ്പുമായി ബന്ധപ്പെട്ടതാണ്. വിളവെടുപ്പ് സമയത്താണ് സമ്പത്ത് ഉണ്ടാകുന്നത്. മണ്ണില്‍ പണിയെടുക്കുകയെന്ന് മോശമെന്ന ചിന്തയാണ് മലയാളികള്‍ക്കെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൃഷി ചെയ്യുക എന്നത് ശ്രമകരമായൊരു കായികാധ്വാനമാണ്. എല്ലാം വാങ്ങാന്‍ കിട്ടും എന്ന ചിന്തയാണ് പൊതുസമൂഹത്തിനുള്ളത്. എന്നാല്‍ വാങ്ങുന്നതെല്ലാം നല്ലതല്ല. പോഷകാംശമുള്ള ഭക്ഷണം വേണമെന്നചിന്ത കേരളീയര്‍ക്ക് ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 40 ശതമാനം രോഗങ്ങള്‍ക്കും കാരണം ഭക്ഷണവും ജീവിതശൈലിയുമാണ്. വിലക്കുറവ് വേണോ, വിഷരഹിതമായത് വേണോ എന്ന് ചിന്തിക്കണം. നമ്മുടെ കുഞ്ഞുങ്ങള്‍ക്കെങ്കിലും മാറാരോഗങ്ങള്‍ വരാതിരിക്കാന്‍ വിഷരഹിത ഭക്ഷണം ശീലമാക്കണം. 95 ശതമാനം ഭക്ഷണവും കൃഷിയില്‍ നിന്നാണ്. കൃഷി നമ്മുടെ സംസ്‌കാരമാണെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര സംവിധായകനായി അറിയപ്പെടുന്നതിനേക്കാള്‍ കര്‍ഷകനെന്ന് വിശേഷിപ്പിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു, സിനിമ പോലെ കൃഷിയും തനിക്ക് ഹരമാണ്. വിഷുക്കാലം വിളവെടുപ്പിന്റെ കൂടി സമയമാണ്. വിഷു സമൃദ്ധിയുടെ ഉത്സവമാണ്. കൃഷി ചെയ്യുകയെന്നത് അഭിമാനമായാണ് താന്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രീയ രീതിയില്‍ വിജയകരമായി  കൃഷി ചെയ്യുന്നതിനുള്ള മാതൃകയാണിതെന്ന് മുന്‍ മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. ചേറില്‍ തൊടാത്തവന് ചോറില്‍ കൈവയ്ക്കാനും അവകാശമില്ല. വിഷരഹിത കൃഷി പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ReplyForward

Leave a Comment

Your email address will not be published. Required fields are marked *