തൃശ്ശൂർ : തൃശ്ശൂർ പൂരം പ്രദർശന നഗരിക്ക് അമിത വാടക ഈടാക്കാനുള്ള നീക്കത്തിൽ നിന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പിന്മാറിയില്ലെങ്കിൽ ശക്തമായ സമരമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസിനു മുന്നിൽ ബിജെപി നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. തൃശ്ശൂർ പൂരത്തെ തകർക്കാനാണ് സിപിഎമ്മും സർക്കാരും ശ്രമിക്കുന്നത് .പൂരം പ്രദർശനത്തിന്റെ പേരിൽ അമിതവാടക പിരിക്കാനുള്ള നീക്കം ഉപേക്ഷിച്ചില്ലെങ്കിൽ മന്ത്രിമാരുടെ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു. പൂരത്തിന് നെറ്റിപ്പട്ടം കെട്ടി ആനകൾക്കൊപ്പം എഴുന്നള്ളിയ മന്ത്രിമാരെ കൊണ്ട് തൃശൂരിന് എന്താണ് പ്രയോജനം എന്ന് ചിന്തിക്കണം. ലോകം മുഴുവൻ ആരാധനയോടെ കാണുന്ന പൂരത്തെ തകർക്കാനുള്ള ശ്രമത്തിൽ നിന്ന് മന്ത്രിമാരും ദേവസ്വം ബോർഡും പിന്മാറണം സുരേന്ദ്രൻ ആവശ്യപ്പെട്ടു . പൂരം നടത്തിപ്പിനു വേണ്ടി ദേവസ്വം ഭൂമി സൗജന്യമായി വിട്ടുകൊടുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. അതിനുപകരം അമിത വാടക ഈടാക്കാനുള്ള ശ്രമം അങ്ങേയറ്റം അപലപനീയമാണ്. ദേവസ്വം പൊതുവായി നിശ്ചയിച്ച വാടകയനുസരിച്ച് 9 ലക്ഷം നൽകേണ്ടിടത്ത് 1.82 കോടി വാടക നൽകണമെന്ന് ശഠിക്കുന്നത് തീവെട്ടിക്കൊള്ളയാണ്. പൂരത്തിന് വേണ്ടി ചില്ലിക്കാശ് ചെലവാക്കാത്ത കൊച്ചിൻ ദേവസ്വം ബോർഡിന് ഇത്രയും വലിയ തുക ആവശ്യപ്പെടാൻ എന്താണ് അവകാശമെന്ന് അദ്ദേഹം ചോദിച്ചു. ബിജെപി ജില്ലാ പ്രസിഡൻ്റ് കെ .കെ .അനീഷ് കുമാർ , ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ ബി ഗോപാലകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി ഏ നാഗേഷ്, ജില്ലാ വൈസ് പ്രസിഡൻറ് സുജയ്സേനൻ, മേഖലാ വൈസ് പ്രസിഡൻ്റ് ബിജോയ് തോമസ്, ജില്ലാ സെക്രട്ടറി പൂർണ്ണിമാ സുരേഷ്, എം.എസ് സംപൂർണ്ണ, മണ്ഡലം പ്രസിഡൻ്റുമാരായ രഘുനാഥ് സി മേനോൻ, വിപിൻ അയിനിക്കുന്നത്ത്, ലിനി ബിജു, സംസ്ഥാന കൗൺസിൽ വി ആർ മോഹനൻ, കൗൺസിലർമാരായ വിനോദ്,എൻ പ്രസാദ്, നിജി കെ.ജി, രാധിക എൻ വി എന്നിവർ ഉപവാസ സമരത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.
ReplyForward |