തൃശൂര്‍: നഗരത്തിലെ തിരക്കേറിയ പാട്ടുരായ്ക്കലില്‍ ഇസാഫ് ബാങ്കിന്റെ എ.ടി.എമ്മിലേക്ക് പടക്കം എറിഞ്ഞയാളെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടികൂടി. തൃശൂരില്‍ എ.സി.മെക്കാനിക്കായി ജോലി ചെയ്യുന്ന പത്തനംതിട്ട ആങ്ങമൂഴി സ്വദേശി രജീഷ് പ്രകാശാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. ഇസാഫ് ബാങ്കിലെത്തിയ പ്രതി ബഹളം വെച്ചു. മുടങ്ങിയ ഇ.എം.ഐയ്ക്ക് ബാങ്ക് സര്‍വീസ് ചാര്‍ജ് ഈടാക്കിയ വിഷയത്തിലായിരുന്നു തര്‍ക്കം.പിന്നീട് ഇയാള്‍ പുറത്തുള്ള എ.ടി.എമ്മിലേക്ക് കയറി കൈയില്‍ കരുതിയ പടക്കം കത്തിച്ച് ഇടുകയായിരുന്നു. എ.ടി.എമ്മിന്റെ ചില്ലുകള്‍ പൊട്ടിത്തെറിച്ചു. ഇതിനിടെ രജീഷ് ബൈക്കില്‍ മുങ്ങി. അന്വേഷണത്തിനെത്തിയ ഈസ്റ്റ് പോലീസ് ബാങ്കില്‍ നിന്ന് പ്രതിയുടെ ഫോണ്‍ നമ്പര്‍ ശേഖരിച്ചു. മൊബൈലിന്റെ ടവര്‍ ലൊക്കേഷന്‍ നിരീക്ഷിച്ചാണ് പ്രതിയെ പിടികൂടിയത്.