കൊച്ചി: വ്യാജസര്‍ട്ടിഫിക്കറ്റ് കേസില്‍ മുന്‍ എസ്.എഫ്.ഐ നേതാവ് കെ.വിദ്യ കസ്റ്റഡിയില്‍. അഗളി പോലീസ് മേപ്പയൂരില്‍ നിന്നാണ് വിദ്യയെ പിടികൂടിയത്. മേപ്പയൂരില്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഒളിവിലായതിന്റെ പതിനഞ്ചാം ദിവസം പോലീസ് വിദ്യയെ കണ്ടെത്തിയത്. നാളെ പാലക്കാട് മണ്ണാര്‍ക്കാട് കോടതിയില്‍ വിദ്യയെ ഹാജരാക്കും. വടകര, പയ്യോളി ഭാഗങ്ങളില്‍ വിദ്യ ഉണ്ടായിരുന്നതായി പോലീസിന സൂചന ലഭിച്ചിരുന്നു. ജൂണ്‍ 6നാണ് വ്യാജസര്‍ട്ടിഫിക്കറ്റ് കോളേജില്‍ നൽകി ഗസ്റ്റ് ലക്ചർ ജോലി നേടാൻ ശ്രമിച്ചതിന് കേസ് എടുത്തത്.
ജൂണ്‍ രണ്ടിനായിരുന്നു അട്ടപ്പാടി കോളേജില്‍ വിദ്യ അഭിമുഖത്തിനെത്തിയത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആദ്യം എറണാകുളത്ത് വിദ്യ ഉണ്ട് എന്ന് പോലീസിനെ വിവരം ലഭിച്ചു. എന്നാൽ പിന്നീട് അവിടെനിന്ന് കഴിഞ്ഞ നാല് ദിവസമായി പോലീസിൻറെ അന്വേഷണം കോഴിക്കോട് കേന്ദ്രീകരിച്ചായിരുന്നു. മഹാരാജാസ് കോളേജിലെ മുൻ സുഹൃത്തിന്റെ വീട്ടിൽ നിന്ന് വിദ്യയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റിനോട് ഏതുതരത്തിൽ വിദ്യ പ്രതികരിക്കുമെന്ന ആശങ്ക പോലീസ് സംഘത്തിന് ഉണ്ടായിരുന്നതിനാൽ കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വിശദീകരിച്ച് വിദ്യയെ വിശ്വാസത്തിൽ എടുത്തായിരുന്നു അറസ്റ്റ് എന്നാണ് ലഭിക്കുന്ന വിവരം. വിദ്യയെയും കൂട്ടിയുള്ള പോലീസ് സംഘം പുലർച്ചെ പന്ത്രണ്ടരയോടെ അഗളിയിൽ എത്തും. കൂട്ടുകാരിയുടെ വീട്ടുകാർ മുഖാന്തരമാണ് അറസ്റ്റ് വിവരം പുറത്തുവന്നത്.