തൃശൂര്‍: റെയില്‍വെ സ്റ്റേഷനില്‍ പുഴുവരിച്ച നിലയില്‍ ആയിരം കിലോ മത്സ്യം പിടികൂടി. ഇന്നലെ വൈകീട്ട് നാല് മണിയോടെ ഒന്നാം പ്ലാറ്റ്ഫോമില്‍ എത്തിയ ഷാലിമാര്‍ എക്സ്പ്രസിലായിരുന്നു ഒഡീഷയില്‍ നിന്ന് കേടായ മത്സ്യം തൃശൂരിലെ നാല് വ്യാപാരികള്‍ക്കായി കൊണ്ടുവന്നത്.
സംഭവമറിഞ്ഞ് ഭക്ഷ്യസുരക്ഷാവിഭാഗം സര്‍ക്കിള്‍ ഓഫീസര്‍ ഡോ.രേഖാ മോഹന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും പരിശോധനയ്ക്ക് റെയില്‍വെ ആരോഗ്യവിഭാഗം അനുമതി നല്‍കിയില്ല. ഇന്ന് രാവിലെയോടെ റെയില്‍വെ പരിസരത്താകെ ദുര്‍ഗന്ധം രൂക്ഷമായി. മാധ്യമങ്ങളില്‍ വാര്‍ത്തയും വന്നതോടെയാണ് പരിശോധനയ്ക്ക് റെയില്‍വെ വഴങ്ങിയത്. 17 മണിക്കൂറോളം വൈകിയ ശേഷമാണ് പരിശോധനക്കാര്യത്തില് തീരുമാനമുണ്ടായത്.
500 കിലോ ഐസിട്ട പച്ചമീനും, 500 കിലോ ഉണക്കമീനുമാണ് അന്‍പതോളം തെര്‍മോകോളിന്റെ പെട്ടികളില്‍ സൂക്ഷിച്ചിരുന്നത്. ആറ് പെട്ടികളിലെ ഉണക്കമീനും, ആറ് പെട്ടികളിലെ പച്ചമീനും പുഴുവരിച്ച നിലയിലായിരുന്നു. രണ്ട് പെട്ടി നത്തോലിയും, രണ്ട് പെട്ടി ആവോലിയും ചീഞ്ഞ നിലയിലായിരുന്നു. ഇതിനിടെ ചിലര്‍ മീന്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചത് പോലീസ് തടഞ്ഞു.
കേടായ മീനുകള്‍ നശിപ്പിക്കുമെന്ന് ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഡോ.രേഖാമോഹന് പറഞ്ഞു. മീന്‍ സാമ്പിള്‍ കാക്കനാട്ടെ ലാബിലേക്ക് പരിശോധനക്കായി അയക്കും. ഫലം വന്ന ശേഷം നിയമനടപടിയെടുക്കുമെന്നും അവര്‍ പറഞ്ഞു