Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

പീച്ചി ലാലീസ് ഗ്രൂപ്പ് ഉടമയില്‍ നിന്ന് 5 ലക്ഷം അപഹരിച്ച കേസ്; പോലീസിന് വീഴ്ച പറ്റിയോ എന്നും പരിശോധന

തൃശൂര്‍: പീച്ചിയിലെ വന്‍കിട വ്യാപാര സ്ഥാപനമായ ലാലീസ് ഗ്രൂപ്പിന്റെ ഉടമയില്‍ നിന്ന് കള്ളക്കേസ് എടുക്കുമെന്ന്്് ഭീഷണിപ്പെടുത്തി പാലക്കാട് സ്വദേശി 5 ലക്ഷം രൂപ അപഹരിച്ച കേസില്‍ പോലീസിന്റെ വീഴ്ച സംബന്ധിച്ച പരാതിയില്‍ അന്വേഷണം നടന്നുവരികയാണെന്ന് ഒല്ലൂര്‍ എ.സി.പി. പി എസ് സുരേഷ് അറിയിച്ചു. വീഴ്ച കണ്ടെത്തിയാല്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ആരോപണ വിധേയനായ പീച്ചി എസ്.ഐയെ കേസിന് ആസ്പദമായ സംഭവം നടന്ന് ദിവസങ്ങള്‍ക്കകം ട്രാഫിക് വിഭാഗത്തിലേക്ക് സ്ഥലം മാറ്റിയിരുന്നു.

പണം തട്ടിയെടുത്ത കേസിലെ പ്രതിയായ പാലക്കാട് മംഗലം ഡാം പ്രദേശത്തിനടുത്ത് താമസിക്കുന്ന വണ്ടാഴി ദിനേശിനെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. തൊണ്ടിമുതല്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതിക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചു. മണ്ണുത്തി പോലീസാണ് കേസ് അന്വേഷിക്കുന്നത്.

മെയ് 24ന് ഉച്ചതിരിഞ്ഞ് കേസിലെ പ്രതി ദിനേശ്് ബന്ധുവിനൊപ്പം ലാലിസ് ഗ്രൂപ്പിന്റെ പീച്ചിയിലെ ഫുഡ് ആന്‍ഡ് ഫണ്‍ റസ്റ്റോറന്റില്‍ എത്തി്്് കഴിച്ച ബിരിയാണിയെ പറ്റി പരാതി പറഞ്ഞപ്പോള്‍ ഹോട്ടലിലെ ജീവനക്കാരും ഉടമയുടെ മകനും ചേര്‍ന്ന് മര്‍ദ്ദിച്ചുതായി പീച്ചി സ്റ്റേഷനില്‍ കള്ള പരാതി നല്‍കുകയും, ജാമ്യമില്ലാ കേസ് ജീവനക്കാര്‍ക്കും ഉടമയുടെ മകനുമെതിരെ നല്‍കുമെന്ന്്് പറഞ്ഞ് ഭീഷണിപ്പെടുത്തി ലാലീസ് ഉടമയില്‍ നിന്ന് 5 ലക്ഷം രൂപ അപഹരിച്ചു എന്നതാണ് കേസ്.

എന്നാല്‍ ഹോട്ടലിലെയും പുറത്തുള്ള പാര്‍ക്കിങ്ങിലെയും ദൃശ്യങ്ങളില്‍ ദിനേശിനെ മര്‍ദ്ദിക്കുന്നതോ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാന്‍ കഴിയുന്ന യാതൊരു സംഭവവും അവിടെ നടന്നിട്ടില്ല എന്നിരിക്കെ എങ്ങിനെ പ്രതിക്ക് ഹോട്ടല്‍ ഉടമയെ പോലീസ് കള്ളക്കേസ് എടുക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ അപഹരിക്കാന്‍ സാധിച്ചു എന്നതില്‍ ദുരൂഹത നിലനില്‍ക്കുന്നു.

ദിനേശിനെ മര്‍ദ്ദിക്കുകയോ അപായപ്പെടുത്താന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല എന്ന കാര്യം പീച്ചി പോലീസ് സ്റ്റേഷനില്‍ നിന്ന് എത്തിയ പോലീസുകാര്‍ക്ക് സിസി ടിവി ദൃശ്യങ്ങള്‍ കാണിച്ച് കൊടുത്ത് ഹോട്ടല്‍ ജീവനക്കാര്‍ ബോധ്യപ്പെടുത്തിയിരുന്നു.

ദിനേശിനെ തടഞ്ഞുനിര്‍ത്തിയത് പീച്ചി പോലീസ് പറഞ്ഞത് പ്രകാരം ആയിരുന്നുവെന്നും അഞ്ചോ ആറോ മിനിറ്റിനു ശേഷം തൊട്ടടുത്ത പീച്ചി പോലീസ് സ്റ്റേഷനില്‍ നിന്ന് പലതവണ വിളിച്ചിട്ടും പോലീസ് എത്താത്തതിനാല്‍ ദിനേശ് ഹോട്ടലില്‍ നിന്ന് പോവുകയായിരുന്നു എന്നും ലാലീസ് ഉടമ പറയുന്നു.

ഈ കാര്യം പോലീസില്‍ ഹോട്ടല്‍ ജീവനക്കാരന്‍ രേഖാമൂലം അറിയിക്കുകയും ചെയ്തതാണ്. എന്നാല്‍ ഹോട്ടല്‍ ഉടമയും ജീവനക്കാരും ഹോട്ടലില്‍ വച്ച് തന്നെ ക്രൂരമായി ഉപദ്രവിച്ചു എന്ന് ദിനേശ് പോലീസിനോട് പറഞ്ഞപ്പോള്‍ ജാമ്യമില്ല കേസ് എടുത്ത് ഹോട്ടല്‍ ജീവനക്കരെയും ഉടമയുടെ മകനെയും റിമാന്‍ഡ് ചെയ്യുമെന്നും ദിവസങ്ങളോളം ജയിലില്‍ കിടക്കേണ്ടി വരുമെന്നും എസ്.ഐ നിലപാടെടുത്തതാണ് പണാപഹരണത്തിന് വഴിവച്ചത് എന്ന ആരോപണം ശക്തമാണ്.

മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരമാണ് ദിനേശ് ഹോട്ടലില്‍ എത്തി മനപ്പൂര്‍വ്വം ഒരു പ്രശ്‌നം സൃഷ്ടിച്ചത് എന്നും ഈ കേസില്‍ പീച്ചി എസ് ഐ ലേക്കും ബന്ധപ്പെട്ട പോലീസുകാരിലേക്കും അന്വേഷണം വിപുലപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പോലീസിനെതിരെ ആരോപണം സംബന്ധിച്ച മൊഴിയും ഉന്നത പോലീസ് അധികാരികള്‍ എടുത്തിട്ടുള്ളതാണ്.

ജാമ്യമില്ലാത്ത കേസ് ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരെയും മുതലാളിയുടെ മകനെതിരെയും എടുക്കും എന്ന നിലപാട് പോലീസ് എടുത്തതും ഒപ്പം തന്നെ രണ്ട് ഹോട്ടല്‍ ജീവനക്കാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ ക്രൂരമായ മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടി വന്നതും പിന്നീട് ഹോട്ടല്‍ ഷെഫിനെയും ഉടമയുടെ മകനെയും പോലീസ് ലോക്കപ്പില്‍ ഇട്ടതും ലാലീസ് ഗ്രൂപ്പ് ഉടമയില്‍ നിന്ന് ദിനേശിന് പണം അപഹരിക്കാന്‍ വഴിയൊരുക്കി എന്ന മൊഴിയും പോലീസിലെ ഉന്നതര്‍ക്ക് രേഖാമൂലം ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം.

സംഭവ ദിവസത്തെ പോലീസ് സ്റ്റേഷനിനകത്തെ സിസി ടിവി ദൃശ്യങ്ങള്‍ ലഭ്യമാക്കണം എന്ന നിരവധി വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളും പോലീസിന് ലഭിച്ചിട്ടുണ്ട്.

ഇപ്പോൾ കേസിലെ ഏക പ്രതിയായ വണ്ടാഴി ദിനേശിനെ കുറിച്ചും പണാപഹരണത്തിനായി ലാലീസ് ഹോട്ടലിലും ലാലീസ് ഗ്രൂപ്പ് ഉടമയുടെ വീട്ടിലും പ്രതിയെത്തിയ ലക്ഷങ്ങൾ വിലമതിക്കുന്ന ആഡംബര കാറിനെ പറ്റിയും കാര്യമായ അന്വേഷണങ്ങൾ ഇതുവരെ നടത്താത്തതും കേസിനെ സംബന്ധിച്ച് വലിയ സംശയങ്ങൾ ജനിപ്പിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *