വടക്കാഞ്ചേരി: 128 കോടിയുടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുന്‍മന്ത്രിയും കുന്നംകുളം എം.എല്‍.എയുമായ എ.സി.മൊയ്തീന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നു. എ.സി.മൊയ്തീനുമായി അടുത്ത ബന്ധമുള്ള നാല് പേരുടെ വീടുകളിലും ഇ.ഡി. സംഘം പരിശോധന നടത്തുന്നതായാണ് വിവരം.
300 കോടിയുടെ തട്ടിപ്പായിരുന്നു പോലീസ് കണ്ടെത്തിയത്. എ.സി.മൊയ്തീന് വീട്ടിലുണ്ട്. അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ തന്നെയാണ് പരിശോധന. രാവിലെ ഏഴ് മണിയോടെയാണ് മൂന്ന് വാഹനങ്ങളിലായി ഇ.ഡി.സംഘം പരിശോധനയ്ക്കെത്തിയത്. പന്ത്രണ്ട് പേരാണ് അന്വേഷണസംഘത്തിലുളളത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പരാതിക്കാരനായ സുരേഷ് അടക്കമുള്ളവരുടെ മൊഴിയില്‍ മൊയ്തീനെതിരെ ആരോപണം ഉന്നയിച്ചിരുന്നു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ 18 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ബാങ്ക് ഡയറക്ടര്മാരടക്കമുള്ളവരായിരുന്നു പ്രതികള്‍. ഇവരുടെ മൊഴികള്‍ ഇ.ഡി. വിശദമായി പരിശോധിച്ചിരുന്നു. ബാങ്ക് ഡയറക്ടര്‍മാരുടെ അടക്കം വീടുകളില്‍ ഇ.ഡി. നേരത്തെ തന്നെ പരിശോധന നടത്തിയിരുന്നു. ഇവരുടെ സ്വത്തുക്കള്‍ ജപ്തി ചെയ്യാന്‍ നടപടിയായിട്ടുണ്ട്്.
കരുവന്നൂര്‍ സഹകരണബാങ്ക് ബ്രാഞ്ച് മാനേജരായിരുന്ന ബിജു കരീമിന്റെ ഭാര്യയുടെ പേരിലുള്ള കടയുടെ ഉദ്ഘാടനം നടത്തിയത് എ.സി.മൊയ്തീനായിരുന്നുവെന്ന്് ആരോപണം ഉയര്‍ന്നിരുന്നു. ബാങ്ക് സെക്രട്ടറി സുനില്‍കുമാര്‍ അടക്കം എട്ട് പേരാണ് പ്രധാന പ്രതികള്‍. പ്രതികള്‍ തട്ടിച്ച പണം ഉപയോഗിച്ച് ഇടുക്കിയില്‍ റിസോര്‍ട്ട് അടക്കം നിര്‍മ്മിച്ചിരുന്നു.