തൃശൂര്‍: തൃശൂര്‍ പൂരത്തിലെ രാഷ്ട്രീയക്കളി ദൗര്‍ഭാഗ്യകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശബരിമലയിലെ അസ്ഥിരതയും വികസമുരടിപ്പും സംസ്ഥാനസര്‍ക്കാരിന്റെ വീഴ്ചയാണെന്നും മോദി കുറ്റപ്പെടുത്തി. തേക്കിന്‍കാട് മൈതാനത്ത് 2 ലക്ഷം വനിതകള്‍ പങ്കെടുത്ത മഹിളാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന് വികസനം വേണമെങ്കില്‍ ബി.ജെ.പിയ്‌ക്കൊപ്പം നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നടി ശോഭന, ഗായിക വൈക്കം വിജയലക്ഷ്മി, ക്രിക്കറ്റ് താരം മിന്നുമണി, ബീന കണ്ണന്‍ എന്നിവരും സുരേഷ് ഗോപിയും വേദിയിലുണ്ടായിരുന്നു.
സംസ്ഥാനത്തെ വനിതാ വോട്ടര്‍മാരെ ലക്ഷ്യമിട്ടായിരുന്നു തേക്കിന്‍കാട് മൈതാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 41 മിനിറ്റ് പ്രസംഗം. തൃശൂരിനെ ഇളക്കി മറിക്കുന്ന പ്രഖ്യാപനങ്ങളോ, സുരേഷ്‌ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചുള്ള സൂചനയോ ജനം പ്രതീക്ഷിച്ചിരുന്നു.
എന്‍.എസ്.എസ് സ്ഥാപകന്‍ മന്നത്ത് പദ്മനാഭനെ അനുസ്മരിച്ചുകൊണ്ടാണ് മോദി തന്റെ പ്രസംഗം ആരംഭിച്ചത്. കെ.വി കുട്ടിമാളു അമ്മ, അക്കാമ്മ ചെറിയാന്‍, റോസമ്മ പുന്നൂസ് എന്നിവരുടെ പേരുകളും മോദി പരാമര്‍ശിച്ചു. താന്‍ പ്രതിനിധീകരിക്കുന്ന വാരണാസി മണ്ഡലത്തേയും തൃശൂരിനേയും ബന്ധിപ്പിക്കുന്ന ഘടനം ശിവക്ഷേത്രമാണെന്നും മോദി ഓര്‍മ്മിപ്പിച്ചു. അമ്മമാരേ സഹോദരിമാരേ എന്ന് മലയാളത്തില്‍ അഭിസംബോധന ചെയ്ത് പ്രസംഗം ആരംഭിച്ച മോദി പരിപാടിയില്‍ പങ്കെടുത്ത് തന്നെ അനുഗ്രഹിച്ച സ്ത്രീകള്‍ക്ക് നന്ദിയും പറഞ്ഞു.
വനിതാ സംവരണ ബില്‍ പാസാക്കിയത് വലിയ നേട്ടമായി പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. വികസിത ഭാരതത്തിന് വലിയ ഗ്യാരണ്ടിയാണ് വനിതാ ശക്തി. വനിതാ സംവരണ ബില്ലില്‍ കോണ്‍ഗ്രസ് തീരുമാനമെടുക്കാതെ കാലം കഴിച്ചു. മുസ്ലീം സ്ത്രീകളെ മുത്തലാഖില്‍ നിന്ന് മോചിപ്പിച്ചത് ബി.ജെ.പി സര്‍ക്കാരാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
‘സ്ത്രീകളുടെ ജീവിതം സുഖകരമാക്കാനായി ഉജ്ജ്വല പദ്ധതി നടപ്പിലാക്കിയതും, 11 കോടി കുടുംബങ്ങള്‍ക്ക് പൈപ്പ് വെളളം നല്‍കാന്‍ കഴിഞ്ഞതും, രാജ്യത്ത് ശൗചാലയങ്ങള്‍ നിര്‍മിച്ചതും, സ്ത്രീകള്‍ക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങിയതും എല്ലാം മോദി ഗ്യാരണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കാനും മോദി മറന്നില്ല. കേരളത്തിലും ഇന്ത്യാ സഖ്യമുണ്ടെന്നും അഴിമതിയുടെ കാര്യത്തില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ഒറ്റക്കെട്ടാണെന്നും മോദി പറഞ്ഞു. കേരളത്തിലെ ഇന്ത്യാ സഖ്യത്തേയും ബി.ജെ.പി തോല്‍പ്പിക്കുമെന്നും മോദി പറഞ്ഞു. ഏത് ഓഫിസ് കേന്ദ്രീകരിച്ചാണ് സ്വര്‍ണക്കടത്ത് നടന്നതെന്ന് എല്ലാവര്‍ക്കും അറിയാം. കേന്ദ്രസര്‍ക്കാരിന്റെ വികസന പദ്ധതികള്‍ മോദി വിരോധത്തിന്റെ പേരില്‍ കേരളത്തില്‍ നടപ്പാക്കുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി.
എന്‍.ഡി.എ സര്‍ക്കാരിന് നാല് ജാതികളാണ് പ്രധാനം. ദരിദ്രര്‍, യുവാക്കള്‍, കര്‍ഷകര്‍, സ്തീകള്‍ എന്നിങ്ങനെയുള്ള നാലു വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ സഹായം ലഭ്യമാക്കാന്‍ പരിശ്രമിക്കുകയാണ്. ഇടത്, കോണ്‍ഗ്രസ് കാലത്ത് ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിരുന്നില്ലെന്നും മോദി ആരോപിച്ചു.