മുതിർന്ന നേതാവായ എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിക്കുശേഷം ലീഡർ കെ. കരുണാകരന്റെ മകളും ബിജെപിയിലേക്ക്
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ ബി.ജെ.പി. സ്ഥാനാർത്ഥി സുരേഷ് ഗോപിക്കെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയായി പത്മജ തൃശ്ശൂരിൽ മത്സരിച്ചിരുന്നു
കൊച്ചി: കെ.പി.സി.സി വൈസ് പ്രസിഡണ്ട് പത്മജാ വേണുഗോപാല്‍ ബി.ജെ.പിയിലേക്ക്. പത്മജ നാളെ ബി.ജെ.പിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. നാളെ ബി.ജെ.പി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ക്കുടി സീറ്റില്‍ ബി.ജെ.പി ടിക്കറ്റില്‍ പത്മജ മത്സരിച്ചേക്കുമെന്നും വാര്‍ത്തയുണ്ട്. രണ്ടു ദിവസമായി പദ്മജ ഡൽഹിയിലാണ്. മുതിർന്ന ബിജെപി നേതാക്കളുമായി അവർ ചർച്ചകൾ നടത്തിയെന്നാണ് വിവരം
പത്മജ ബി.ജെ.പിയില്‍ ചേരുമെന്ന് ഇന്നലെ മുതല്‍ വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ ഫെയ്സ്ബുക്കിലൂടെ അവര്‍ ബി.ജെ.പിയിലേക്കില്ലെന്ന് അറിയിച്ചിരുന്നു. പിന്നീട് ബി.ജെ.പിയിലേക്കില്ലെന്ന പോസ്റ്റ് അവര്‍ മാറ്റി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് യു.ഡി.എഫ് ടിക്കറ്റില്‍ പത്മജ മത്സരിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പത്മജ പിന്നീട് ഡി.സി.സി നേതൃത്വത്തിനെതിരെ തിരിഞ്ഞിരുന്നു. മുതിര്‍ന്ന പല നേതാക്കളും പ്രചാരണത്തിന് സജീവമായിരുന്നില്ലെന്ന് അവര്‍ പരാതിപ്പെട്ടിരുന്നു.
പാര്‍ട്ടി തന്നെ തോല്‍പ്പിച്ചുവെന്നും, പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്ന നേതാക്കള്‍ക്കെതിരെ നടപടി വേണമെന്നും അവര്‍ കെ.പി.സി.സി നേതൃത്വത്തെ അറിയിച്ചിരുന്നു. കരുണാകരന് സ്മാരക മന്ദിരം നിര്‍മ്മാണത്തിലെ മെല്ലൈപ്പോക്കിനെക്കുറിച്ചും അവര്‍ക്ക് പരാതിയുണ്ടായിരുന്നു. മന്ദിരത്തിന്റെ നിര്‍മ്മാണത്തിന് പിരിച്ച തുക ചില നേതാക്കള്‍ കൈവശപ്പെടുത്തിയെന്നും അവര്‍ ആരോപണം ഉന്നയിച്ചിരുന്നു.
രാജ്യസഭാ സീറ്റ് ലഭിക്കുമെന്ന് പത്മജ പ്രതീക്ഷിച്ചിരുന്നു. മുസ്ലീം ലീഗിന് രാജ്യസഭാ സീറ്റ് നല്‍കിയതോടെയാണ് പത്മജ ബി.ജെ.പിയില്‍ ചേരാന്‍ ഉറപ്പിച്ചത്. കെ.മുരളീധരന് എം.പിയുടെ സഹോദരി എന്ന നിലയില്‍ തനിക്ക് അവസരങ്ങള്‍ നിഷേധിക്കുന്നതായും പത്മജ നേരത്തെ പറഞ്ഞിരുന്നു.
മുതിര്‍ന്ന നേതാവ് കെ.കരുണാകരന്റെ മകളായ പത്മജ ബി.ജെ.പി പാളയത്തില്‍ എത്തുന്നത് ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് വന്‍തിരിച്ചടിയാകും. കെ.കരുണാകരന്റെ തട്ടകമായ തൃശൂരില്‍ നിന്ന് കോണ്‍ഗ്രസിലെ സ്ഥാനനേതാവിനെ തന്നെ തങ്ങളുടെ ചേരിയിലെത്തിക്കാന്‍ കഴിഞ്ഞാല്‍ ബി.ജെ.പിക്ക് അതൊരു വലിയ രാഷ്ട്രീയ നേട്ടമാകും.