തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രശസ്തരുടെ പിന്തുണ തേടിയ തൃശൂരിലെ സ്ഥാനാര്‍ത്ഥികള്‍ വെട്ടിലായി. കലാമണ്ഡലം ഗോപിയാശാനെ സന്ദര്‍ശിക്കാന്‍ ശ്രമിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപിയും, നടന്‍ ടോവിനോ തോമസിനൊപ്പമുള്ള ഫോട്ടോ ഫെയ്‌സ്ബുക്കിലിട്ട എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.എസ്.സുനില്‍കുമാറുമാണ് വിവാദക്കുരുക്കിലായത്.
ഇന്നലെ പൂങ്കുന്നത്ത് സിനിമാ ഷൂട്ടിംഗിന്റെ ചിത്രീകരണത്തിനിടയിലാണ്
നടന്‍ ടോവിനോ തോമസിനെ പ്രചാരണത്തിനിറങ്ങിയ വി.എസ്.സുനില്‍കുമാര്‍ സന്ദര്‍ശിച്ചത്. ടോവിനോയുമൊത്ത് ഫോട്ടോയെടുക്കുകയും ചെയ്തു. ഇരുവരും ചേര്‍ന്നുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ഷൂട്ടിങ് ലൊക്കേഷനിലെത്തി ടൊവിനോയെ കണ്ട് ഫോട്ടോ പങ്കുവച്ചപ്പോള്‍ വിജയാശംസകള്‍ നേര്‍ന്നാണ് ടൊവിനോ തന്നെ യാത്രയാക്കിയതെന്നും പ്രിയ സുഹൃത്തിന്റെ സ്‌നേഹത്തിന് നന്ദിയെന്നുമാണ് സുനില്‍കുമാര്‍ ഫെയ്്‌സ്ബുക്കില്‍ കുറിച്ചിരുന്നത്.
എന്നാല്‍ തന്റെ ഫോട്ടോയോ. തന്നോടൊപ്പമുള്ള ഫോട്ടോയോ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്നും, അത് നിയമവിരുദ്ധമാണെന്നും, താന്‍ കേരള തെരഞ്ഞെടുപ്പ് കമ്മീഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (എസ്.വി.ഇ.ഇപി) അംബാസഡറാണെന്നും ടൊവിനോ സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു.
ടോവിനോ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ബ്രാന്‍ഡ് അംബാസിഡറാണെന്ന്് അറിയിഞ്ഞിരുന്നില്ലെന്നും, അത് അറിഞ്ഞപ്പോള്‍ തന്നെ ടോവിനോയോടൊപ്പമുള്ള ഫോട്ടോ പിന്‍വലിച്ചുവെന്നും വി.എസ്.സുനി്ല്‍കുമാര്‍ അറിയിച്ചു.
അതേസമയം കലാമണ്ഡലം ഗോപിയാശാനെ വിൡക്കാന്‍ താനോ, പാര്‍ട്ടിയോ ആരെയും ചുമതലപ്പെടുത്തിയിരുന്നില്ലെന്ന് സുരേഷ്‌ഗോപിയും അറിയിച്ചു.
കലാമണ്ഡലം ഗോപിയാശാനെ പേരാമംഗലത്തുള്ള വീട്ടിലെത്തി കാണാന്‍ അനുവാദം തേടി സുരേഷ്‌ഗോപിക്ക് വേണ്ടി തങ്ങളുടെ കുടുംബസുഹൃത്തായ ഡോക്ടര്‍ ബന്ധപ്പെട്ടിരുന്നതായി ഗോപിയാശാന്റെ മകന്‍ രഘുരാജ് ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തിയിരുന്നു.
സുരേഷ് ഗോപിക്ക് അനുഗ്രഹം നല്‍കണമെന്ന് പറഞ്ഞ് പ്രശസ്തനായ ഒരു ഡോക്ടര്‍ ബന്ധപ്പെട്ടു, നിരസിച്ചപ്പോള്‍ പത്മഭൂഷണ്‍ വാഗ്ദാനം ചെയ്തു. അങ്ങനെയുള്ള പത്മഭൂഷണ്‍ വേണ്ടെന്ന് തന്റെ അച്ഛന്‍ പറഞ്ഞതായും രഘുരാജ് ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തി. കുറിപ്പ് ചര്‍ച്ചയായതോടെ പോസ്റ്റ് രഘുരാജ് ഫെയ്സ്ബുക്കില്‍ നിന്ന് പിന്‍വലിച്ചു. സ്നേഹം കൊണ്ട് ചൂഷണം ചെയ്യരുത് എന്ന് പറയാന്‍ മാത്രമാണ് തന്റെ പോസ്റ്റെന്നും ചര്‍ച്ച അവസാനിപ്പിക്കണമെന്നും രഘുരാജ് പിന്നീട് അഭ്യര്‍ത്ഥിച്ചു.