ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പിയുടെ പി.എ. അറസ്റ്റില്‍. 500 ഗ്രാം സ്വര്‍ണവുമായാണ് ശശി തരൂരിന്റെ പി.എ. ശിവകുമാര്‍ പ്രസാദും കൂട്ടാളിയും പിടിയിലായത്. ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇവരെ അറസ്റ്റ്
ചെയ്തത്.
വിദേശത്തുനിന്നെത്തിയ ആളുടെ പക്കല്‍നിന്ന് സ്വര്‍ണം സ്വീകരിക്കുന്നതിനിടെയാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തതെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പിടികൂടിയ സ്വര്‍ണത്തിന് 55 ലക്ഷം രൂപ വില കണക്കാക്കുന്നതായാണ് റിപ്പോര്‍ട്ട്.
ദുബായില്‍നിന്ന് എത്തിയ യാത്രക്കാരനെ സ്വീകരിക്കാനാണ് ഇയാള്‍ വിമാനത്താവളത്തില്‍ എത്തിയതെന്നറിയുന്നു.
എയര്‍ഡ്രോം എന്‍ട്രി പെര്‍മിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ വിമാനത്താവളത്തിനകത്തേക്ക് പ്രവേശിച്ചതെന്ന് കസ്റ്റംസ് പറഞ്ഞതായി എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്താവളത്തില്‍ കയറിയ ഇവര്‍ യാത്രക്കാരനില്‍നിന്ന് പാക്കറ്റ് സ്വീകരിക്കുകയായിരുന്നു.
ശശി തരൂര്‍ എം.പിയുടെ പി.എ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിയിലായ സംഭവത്തില്‍ പരിഹാസവുമായി കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. ആദ്യം കേരള മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായി. ഇപ്പോള്‍ കോണ്‍ഗ്രസ് എം.പിയുടെ സഹായി അറസ്റ്റിലായിരിക്കുന്നു. ഇന്ത്യ സഖ്യകക്ഷികളായ സി.പി.എമ്മും കോണ്‍ഗ്രസും സ്വര്‍ണ കള്ളക്കടത്തുകാരുടെയും സഖ്യമായെന്ന് രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം അറസ്റ്റിലായ സംഭവമറിഞ്ഞ് താന്‍ ഞെട്ടിപ്പോയെന്ന് ശശി തരൂര്‍ എം.പി. തെറ്റിനെ ഒരിക്കലും അംഗീകരിക്കില്ലെന്നും നിയമനടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും വ്യക്തമാക്കി.
വിമാനത്താവള സഹായങ്ങള്‍ക്കായി പാര്‍ട്ട് ടൈം സേവനം നല്‍കുന്ന മുന്‍ സ്റ്റാഫ് അംഗമാണ് പിടിയിലായതെന്നാണ് തരൂര്‍ നല്‍കുന്ന വിശദീകരണം. എക്സിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘ധരംശാലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് എയര്‍പോര്‍ട്ട് ഫെസിലിറ്റേഷന്‍ സഹായത്തിന്റെ കാര്യത്തില്‍ എനിക്ക് പാര്‍ട്ട് ടൈം സേവനം നല്‍കുന്ന എന്റെ മുന്‍ സ്റ്റാഫ് അംഗവുമായി ബന്ധപ്പെട്ട ഒരു സംഭവം കേട്ടത്, ഇതറിഞ്ഞ് ഞാന്‍ ഞെട്ടിപ്പോയി. സ്ഥിരമായി ഡയാലിസിസിന് വിധേയനാകുന്ന 72 വയസ്സുള്ള, റിട്ടയര്‍മെന്റില്‍ കഴിയുന്ന അദ്ദേഹത്തിനുമേല്‍ ആരോപിച്ചിട്ടുള്ള തെറ്റ് ഒരിക്കലും അംഗീകരിക്കാനാകില്ല. വിഷയം അന്വേഷിക്കുകയും നടപടികളെടുക്കുകയും ചെയ്യുന്ന അധികാരികളുടെ ശ്രമങ്ങളെ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നതായും തരൂര്‍ അറിയിച്ചു.