Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

യാത്രയയപ്പ് ചടങ്ങിനിടെ എഡിഎമ്മിന് ജില്ലാപഞ്ചായത്ത് പ്രസിഡണ്ടിന്റെ താക്കീത്

എ.ഡി.എമ്മിനെ മരിച്ചനിലയില്‍ കണ്ടെത്തി

കണ്ണൂര്‍: കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കാതെ എത്തിയാണ് എ.ഡി.എമ്മിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചത്. യാത്രയയപ്പ് സമ്മേളനത്തില്‍ കളക്ടര്‍ അരുണ്‍ കെ വിജയന്റെ  സാന്നിധ്യത്തിലാണ് ദിവ്യ അഴിമതി ആരോപണം നടത്തിയത്. പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കാന്‍ എ.ഡി.എം. വഴിവിട്ടനീക്കങ്ങള്‍ നടത്തിയെന്നാണ് പി.പി. ദിവ്യ ആരോപിച്ചത്. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നും അവര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആരോപണം ഉന്നയിച്ച തൊട്ടടുത്ത ദിവസമാണ് എഡിഎമ്മിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
‘മുമ്പുണ്ടായിരുന്ന എ.ഡി.എമ്മുമായി നിരവധി തവണ വിളിക്കുകയും പറയുകയുമൊക്കെ ചെയ്യേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. എന്നാല്‍, ഇദ്ദേഹം വന്നതിന് ശേഷം അങ്ങനെയുള്ള സാഹചര്യങ്ങളൊന്നും ഉണ്ടായിട്ടില്ല. പക്ഷെ, ഞാന്‍ ഒരു തവണ ഇദ്ദേഹത്തെ വിളിച്ചിട്ടുണ്ട്. ചെങ്ങളായിയിലെ ഒരു പെട്രോള്‍ പമ്പിന്റെ എന്‍.ഒ.സിയുമായി ബന്ധപ്പെട്ടാണ് വിളിച്ചത്. ആ സൈറ്റ് ഒന്ന് പോയി നോക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിളിച്ചത്. വീണ്ടും ആ ആവശ്യത്തിന് വിളിക്കേണ്ടി വന്നു. പിന്നീട് സൈറ്റ് പോയി നോക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചിരുന്നു.

എന്നാല്‍, തീരുമാനമൊന്നും ആയിട്ടില്ലല്ലോ പ്രസിഡന്റേയെന്ന് പറഞ്ഞ് പിന്നീട് പലതവണ ആ സംരംഭകന്‍ എന്റെ ഓഫീസ് മുറിയില്‍ വന്നു. തീരുമാനം ആകുമെന്ന് ഞാനും പറഞ്ഞു. എന്നാല്‍, ആ പ്രദേശത്ത് അല്‍പ്പം വളവും തിരിവുമെല്ലാം ഉള്ളതിനാല്‍ എന്‍.ഒ.സി. നല്‍കാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞതായി പിന്നീട് അറിയാന്‍ സാധിച്ചു. ഇത് കുറച്ച് മാസങ്ങള്‍ക്ക് മുമ്പുതന്നെ നടന്ന കാര്യമാണ്.

ഇപ്പോള്‍ ഇദ്ദേഹം പോകുന്നത് കൊണ്ട് ആ സംരംഭകന് എന്‍.ഒ.സി. കിട്ടിയെന്ന് അറിഞ്ഞു. ഏതായാലും നന്നായി, ആ എന്‍.ഒ.സി. എങ്ങനെ കിട്ടിയെന്ന് എനിക്ക് അറിയാം. ആ എന്‍.ഒ.സി. നല്‍കിയതിന് ഇദ്ദേഹത്തിനോട് നന്ദി പറയാനാണ് ഞാന്‍ ഇപ്പോള്‍ ഈ പരിപാടിയില്‍ പങ്കെടുത്തത്. ജീവിതത്തില്‍ സത്യസന്ധത എപ്പോഴും പാലിക്കണം. കണ്ണൂരില്‍ അദ്ദേഹം നടത്തിയത് പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ആയിരിക്കരുത് അദ്ദേഹം പോകുന്ന സ്ഥലത്ത് നടത്തേണ്ടത്.

നിങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ആളുകളെ സഹായിക്കുക. സര്‍ക്കാര്‍ സര്‍വീസാണ് ഒരു നിമിഷം മതി എന്തെങ്കിലുമൊക്കെ സംഭവിക്കാന്‍. ആ നിമിഷത്തെ കുറിച്ച് ഓര്‍ത്ത് മാത്രമായിരിക്കണം നമ്മളെല്ലാം പേന പിടിക്കേണ്ടത് എന്നുമാത്രമാണ് ഞാന്‍ ഇപ്പോള്‍ പറയുന്നത്. ഉപഹാരം സമര്‍പ്പിക്കുന്ന ചടങ്ങിന് മുമ്പ് ഞാന്‍ ഇവിടെ നിന്ന് ഇറങ്ങുകയാണ്. അതിന് പ്രത്യേക കാരണമുണ്ട്. ആ കാരണം രണ്ട് ദിവസം കൊണ്ട് നിങ്ങള്‍ എല്ലാവരും അറിയുമെന്നും ദിവ്യ വ്യക്തമാക്കി.

നവീന്‍ ബാബുവിന്റെ താമസസ്ഥലത്ത് കോണ്‍ഗ്രസ് പ്രതിഷേധം

നവീന്‍ ബാബുവിന്റെ താമസസ്ഥലത്ത് കോണ്‍ഗ്രസ് പ്രതിഷേധം ശക്തം. നവീന്‍ബാബുവിനെ അപമാനിച്ച പി.പി.ദിവ്യയ്‌ക്കെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് പ്രതിഷേധം.
സ്ഥലത്ത് സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിപ്പിച്ചിട്ടുണ്ട്

ക്ഷണിക്കപ്പെടാത്ത അതിഥിയായി എത്തി അധിക്ഷേപകരമായി സംസാരിച്ചു; ദിവ്യക്കെതിരെ സണ്ണി ജോസഫ്

കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് സണ്ണി ജോസഫ് എം.എല്‍.എ. ക്ഷണിക്കപ്പെടാത്ത അതിഥിയായി കടന്നുചെന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധിക്ഷേപകരമായ കാര്യങ്ങള്‍ പറയുകയായിരുന്നുവെന്നു സണ്ണി ജോസഫ് ആരോപിച്ചു.

ജനപ്രതിനിധികളെ ആരെയും വിളിക്കാത്ത യോഗത്തിലായിരുന്നു എ.ഡി.എമ്മിന് യാത്രയയപ്പ് നല്‍കിയത്. അതിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കടന്നുചെല്ലുകയും തീര്‍ത്തും അധിക്ഷേപകരമായ കാര്യങ്ങള്‍ പറയുകയുമാണ് ചെയ്തത്. പരാതികളുണ്ടെങ്കില്‍ അത് അതിന്റെതായ രീതിയിലായിരുന്നു പറയേണ്ടിയിരുന്നത്.

ഇത് ഒരു അധിക്ഷേപവും അവഹേളനവുമായിട്ടേ ആര്‍ക്കും തോന്നുകയുള്ളു. നവീന്‍ ബാബുവിനും തോന്നിയിട്ടുണ്ടാകാം. ഏതായാലും ഈ മരണ കാരണം പരിശോധിക്കപ്പെടണം. സര്‍ക്കാര്‍ ഇത് ഗൗരവത്തിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് മരണകാരണം എന്ത് എന്ന് കണ്ടെത്തണം. സര്‍ക്കാരിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് നവീന്‍ ബാബു. കളക്ടര്‍ കഴിഞ്ഞാല്‍ രണ്ടാമത്തെയാളാണ്. ആ ഒരു വ്യക്തിക്ക് പോലും ഇത്തരത്തില്‍ ജീവിതം അവസാനിപ്പിക്കേണ്ട സാഹചര്യം ഉണ്ടാവുന്നു എന്നത് ഏറെ വേദനാജനകമാണ്. പ്രതിഷേധാര്‍ഹമാണ്. വളരെ ശക്തമായ അന്വേഷണം ഇക്കാര്യത്തില്‍ ഉണ്ടാവണമെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *