തൃശൂര്‍: അനധികൃതമായി കൈവശം വെച്ച പണവുമായി രജിസ്‌ട്രേഷന്‍ വകുപ്പിലെ ജീവനക്കാരെ വിജിലന്‍സ് പിടികൂടി. നോര്‍ത്ത് സെന്‍ട്രല്‍ സോണ്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ എം.സി.സാബു. സബ് രജിസ്ട്രാര്‍മാരായ രാജേഷ്.കെ.ജി, രാജേഷ് കെ., ജയപ്രകാശ് എം.ആര്‍, അക്ബര്‍ പി.ഒ, രജീഷ് സി എന്നിവരാണ് വിജിലന്‍സിന്റെ വലയിലായത്.
ഇവരില്‍ നിന്ന് 33,050 രൂപ പിടികൂടി. തൃശൂര്‍ ശക്തന്‍ നഗറിലെ അശോക ഇന്‍ ബാര്‍ ഹോട്ടലില്‍ നിന്നാണ് രജിസ്ട്രഷന്‍ വകുപ്പിലെ 6 ഉദ്യോഗസ്ഥരെയും പിടികൂടിയത്. കാഷ് ഡിക്ലറേഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്താത്ത പണമാണിതെന്ന് കരുതുന്നു എല്ലാ മാസവും നടത്താറുള്ള മീറ്റിംഗിന് ശേഷം നോര്‍ത്ത് സോണ്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ക്ക് നല്‍കാനുള്ള കൈക്കൂലി പണത്തിന്റെ വിഹിതം നല്‍കുന്നതിനാണ് ഉദ്യോഗസ്ഥര്‍ ഇവിടെ എത്തിയത്. ഇക്കാര്യം അറിഞ്ഞാണ് വിജിലന്‍സ് സംഘം ബാര്‍ ഹോട്ടലില്‍ എത്തിയത്.
ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ 6 ഉദ്യോഗസ്ഥരില്‍ 5 പേരും മദ്യപിച്ചതായി തെളിഞ്ഞു. മദ്യപിച്ചത് തെളിയാന്‍ രക്തപരിശോധന നടത്തുന്നതിന് ഇവരെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഡ്യട്ടി സമയത്താണ് ഉദ്യോഗസ്ഥര്‍ മദ്യപിച്ചത്.