കൊച്ചി: മുനമ്പത്ത് ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച നടപടിയില്‍ സര്‍ക്കാരിന് വന്‍ തിരിച്ചടി. സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. വക്കഫ് സംരക്ഷണ വേദി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ നിര്‍ണായക വിധി വന്നത്.
സര്‍ക്കാരിന് ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാനുള്ള അധികാരമുണ്ട്. പക്ഷേ മുനമ്പം ഭൂമി വക്കഫ് ഭൂമിയാണെന്ന് നേരത്തെ സിവില്‍ കോടതി കണ്ടെത്തിയിരുന്നു. ആ സാഹചര്യത്തില്‍ വക്കഫ് ഭൂമിയില്‍ തീരുമാനമെടുക്കാനുള്ള അവകാശം വക്കഫ് ബോര്‍ഡിനും ട്രിബ്യൂണലിനുമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വക്കഫ് ഭൂമിയില്‍ അന്തിമ അവകാശം വക്കഫ് ബോര്‍ഡിനായതിനാല്‍ മുനമ്പം ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച സര്‍ക്കാര്‍ നടപടി റദ്ദാക്കുകയാണെന്നും കോടതി വ്യക്തമാക്കി. ഇതൊരു വസ്തുതാന്വേഷണ കമ്മീഷന്‍ മാത്രമാണെന്നും ജുഡീഷ്യല്‍ അധികാരങ്ങളില്ലെന്നുമുള്ള സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിച്ചില്ല.
ഇതോടൊപ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തില്‍ പൊതുതാല്പര്യമില്ലെന്നും കോടതി കണ്ടെത്തി. കമ്മീഷന്‍ നിയമനം നിയമപരമല്ല. കമ്മീഷന്‍ നിയമനത്തില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനായില്ലെന്നും കൃത്യമായി പഠിച്ചാണോ സര്‍ക്കാര്‍ കമ്മിഷനെ നിയമിച്ചതെന് സംശയം ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയേക്കും.