കൊച്ചി : പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ പങ്കാളികളായ ഭീകരവാദികള്‍ക്കെതിരെ ഇന്ത്യന്‍ സൈന്യം തിരിച്ചടി തുടങ്ങി. രണ്ട് പ്രാദേശിക തീവ്രവാദികളുടെ വീടുകള്‍ തകര്‍ത്തു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വീട്ടിലുള്ളവര്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് അവിടെ നിന്ന് മാറിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ത്രാല്‍ സ്വദേശിയായ ആസിഫ് ഹുസൈന്‍, ബിജ് ബഹേര സ്വദേശി ആദില്‍ തോക്കര്‍ എന്നീ ഭീകരരുടെ വീടുകളാണ് സ്‌ഫോടനത്തിലൂടെ തകര്‍ത്തത്. ഇരുവരും ലഷ്‌കര്‍-ഇ-ത്വയ്ബയുമായി ബന്ധം പുലര്‍ത്തിയിരുന്നതായി നേരത്തെ തന്നെ സൂചന ലഭിച്ചിട്ടുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്.
അതിനിടെ പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരുടെ ഒളിയിടം പിര്‍ പഞ്ജാലെന്ന് സൂചന ലഭിച്ചു. ആസൂത്രകരിലൊരാളായ സുലൈമാന്‍ എന്ന ഹാഷിം മൂസ പാകിസ്താന്‍ പൗരനെന്നും വിവരം ലഭിച്ചു.
പഹല്‍ഗാം ആക്രമണം നടത്തിയ അഞ്ച് ഭീകരരില്‍ നാല് പേരെ തിരിച്ചറിഞ്ഞു. രണ്ട് പേര്‍ പാകിസ്ഥാനികളെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു. അലി തല്‍ഹ, ആസിഫ് ഫൗജി എന്നിവരാണ് പാകിസ്ഥാനി ഭീകരര്‍. ആദില്‍ തോക്കര്‍, അഹ്‌സാന്‍ എന്നിവരാണ് കശ്മീരി ഭീകരര്‍. രണ്ട് ഭീകരരുടെ രേഖാ ചിത്രം കൂടി തയ്യാറാക്കിയിട്ടുണ്ട്. നേരത്തെ മൂന്ന് പേരുടെ രേഖാചിത്രം പുറത്ത് വിട്ടിരുന്നു. ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണ സംഘം അറിയിച്ചു. ഹാഷിം മൂസ എന്ന പാകിസ്ഥാനി ഭീകരനാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നും അന്വേഷണ സംഘം കണ്ടെത്തി. മൂസ മുമ്പ് രണ്ട് ആക്രമണങ്ങള്‍ നടത്തിയിരുന്നു.
അതേസമയം, ഭീകരാക്രമണത്തെ കുറിച്ച് അന്വേഷിക്കാന്‍ അനന്ത്‌നാഗ് അഡീഷണല്‍ എസ്പിയുടെ നേതൃത്വത്തില്‍ ജമ്മുകശ്മീര്‍ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. എന്‍ഐഎ സംഘം ബൈസരണില്‍ നിന്നും ഫൊറന്‍സിക് തെളിവുകള്‍ അടക്കം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദിയും ഇന്ന് ജമ്മുകശ്മീരിലെത്തുന്നുണ്ട്.
അതിര്‍ത്തിയില്‍ സേനകള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം
ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാക് സൈന്യത്തിന്റെ വെടിവയ്പ്പ് ശക്തമായി നേരിട്ടെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. വെടിവയ്പ്പില്‍ ആര്‍ക്കും പരിക്കില്ല. ഇന്നലെ രാത്രിയാണ് ജമ്മു കശ്മീരിലെ ബന്ദിപ്പോര നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ സൈന്യം വെടിവയ്പ്പ് നടത്തിയത്. ശക്തമായ തിരിച്ചടി നല്‍കിയെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണം ഇരുഅയല്‍ക്കാര്‍ക്കും ഇടയില്‍ പുതിയ പ്രതിസന്ധി സൃഷ്ടിച്ചതിന് പിന്നാലെയാണ് വെടിവയ്പ്പ് നടന്നത്.