കൊച്ചി: റാപ്പര്‍ വേടനെതിരെ പോലീസ് രണ്ട് കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന ബലാത്സംഗ പരാതിയിിലും, ഫ്‌ളാറ്റില്‍ നിന്ന് കഞ്ചാവുമായി പിടികൂടിയ കേസിലുമാണ് കുറ്റപത്രം.
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതി ശരിവെക്കുന്നതാണ് കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍. പരാതിക്കാരിയുടെയും ചില സാക്ഷികളുടെയും മൊഴിയും വേടനും പരാതിക്കാരിയും തമ്മില്‍ നടത്തിയ ചാറ്റുകളുടെ തെളിവുകളും അടക്കം ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്. 2021 നും 23നും ഇടയിലായിരുന്നു കേസിനാസ്പദമായ സംഭവം. ഈ കഴിഞ്ഞ ജൂലൈയിലാണ് പരാതിക്കാരി തൃക്കാക്കര പോലീസിനെ സമീപിച്ചത്.കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ ഏറനാള്‍ വേടന്‍ ഒളിവില്‍ കഴിഞ്ഞിരുന്നു. പിന്നീട് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയ ശേഷമാണ് പോലീസ് വേടനെ ചോദ്യം ചെയ്തത് . യുവതിയുടെ ആരോപണങ്ങള്‍ വേടന്‍ ചോദ്യം ചെയ്യലില്‍ നിഷേധിച്ചിരുന്നു.
വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ബലാത്സംഗം ചെയ്തു എന്നാണ് വേടന് എതിരായ കേസ്. എന്നാല്‍, ഉഭയ സമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിക്കും തനിക്കും ഇടയില്‍ ഉണ്ടായിരുന്നതെന്നാണ് പൊലീസിന് അന്നത്തെ ചോദ്യം ചെയ്യലില്‍ വേടന്‍ നല്‍കിയ മൊഴി. മറ്റൊരു യുവതിയുടെ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസും വേടനെതിരെ കേസെടുത്തിരുന്നെങ്കിലും ഈ കേസിലും സെഷന്‍സ് കോടതി വേടന് ജാമ്യം അനുവദിച്ചിരുന്നു.
ഇന്നലെ കഞ്ചാവ് കേസില്‍ ഹില്‍ പാലസ് പൊലീസ് വേടനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തൃപ്പൂണിത്തുറ കോടതി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വേടന്‍ കഞ്ചാവ് ഉപയോഗിച്ചു എന്നാണ് കുറ്റപത്രത്തിലുള്ളത്.