ഡൽഹി: ജമ്മുകശ്മീരിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ എംഎൽഎമാർ കൂറുമാറി വോട്ട് ചെയ്തതിനാലാണ് ഒരു സീറ്റിൽ ബിജെപി അപ്രതീക്ഷിത വിജയം നേടാനായതിൽ ഇന്ത്യ സഖ്യത്തിൽ തർക്കം. കൂറുമാറ്റം നടന്നത് നാഷണൽ കോൺഫറൻസിലാണോ അതോ കോൺഗ്രസിലാണോ എന്ന കാര്യത്തിലാണ് തർക്കം. നാല് ഭരണസഖ്യത്തിലുള്ള എംഎൽഎമാർ ബിജെപിക്ക് വോട്ട് ചെയ്തു എന്ന് വ്യക്തമായി. നാഷണൽ കോൺഫറൻസിന്റെ എംഎൽഎമാർ കൂറുമാറിയിട്ടില്ല എന്നും അവസാനം നിമിഷം കൂടെ നിന്നവർ ചതിക്കുകയായിരുന്നു എന്നും കോൺഗ്രസിനെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. 28 സീറ്റുകൾ ഉള്ള ബിജെപിക്ക് തിരഞ്ഞെടുപ്പിൽ 32 വോട്ടുകൾ ലഭിച്ചു. ബിജെപി സ്ഥാനാർഥി സത് ശർമ്മയാണ് രാജ്യസഭ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്. 370-ാം വകുപ്പ് റദ്ദാക്കപ്പെട്ട ശേഷം ജമ്മു കാശ്മീരിൽ നടന്ന ആദ്യത്തെ രാജ്യസഭ തെരഞ്ഞെടുപ്പായിരുന്നു ഇത്.
നാല് രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റിൽ നാഷണൽ കോൺഫറൻസിനും ഒന്നിൽ ബിജെപിക്കുമായിരുന്നു വിജയം. ഒരു സീറ്റിന് ഭരണസഖ്യത്തിലുള്ള കോൺഗ്രസ് അവകാശവാദം ഉന്നയിച്ചിരുന്നു എങ്കിലും നാഷണൽ കോൺഫറൻസ് അത് നൽകിയിരുന്നില്ല. ഇതിനെ ചൊല്ലിയും തർക്കം നിലനിന്നിരുന്നു.
ചിത്രം: സത് ശർമ്മ















