പാലക്കാട്: നീണ്ട തിരച്ചിലില്‍ ചിറ്റൂരില്‍ കാണാതായ ആറ് വയസുകാരന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി. 21 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീടിന് സമീപത്തെ കുളത്തില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 12 മുതലാണ് കുട്ടിയെ കാണാതായത്.
ഇന്നലെ രാത്രിവരെ തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല. ഇന്ന്്് രാവിലെ തിരച്ചില്‍ പുനഃരാരംഭിച്ചിരുന്നു. തുടര്‍ന്ന് 8.30 ഓടെയാണ് കുട്ടിയുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തിയത്.
അമ്പാട്ടുപാളയം എരുമന്‍കോട് മുഹമ്മദ് അനസ്- തൗഹിത ദമ്പതികളുടെ ഇളയമകനാണ് സുഹാന്‍. കളിക്കുന്നതിനിടെ സഹോദരനോട് പിണങ്ങിയാണ് സുഹാന്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്.
സാധാരണ കുട്ടികള്‍ തമ്മില്‍ ഉണ്ടാകാറുള്ള പിണക്കം മാത്രമായിരുന്നു അത്. എന്നാല്‍ കുറച്ചു സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാതിരുന്നതോടെയാണ് തിരച്ചില്‍ നടത്തിയത്. സുഹാന്റെ അമ്മ നീലഗിരി പബ്ലിക് സ്‌കൂള്‍ അധ്യാപികയാണ്. കുട്ടിയെ കാണാതാകുമ്പോള്‍ അമ്മ സ്‌കൂളിലെ ആവശ്യത്തിനായി പോയതായിരുന്നു.
സുഹാനുവേണ്ടി നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റെ യും നേതൃത്വത്തിലാണ് തിരച്ചില്‍ നടന്നത്. ഡോഗ് സ്‌ക്വാഡിലെ നായ വന്നു നിന്ന കുളത്തെ കേന്ദ്രീകരിച്ചായിരുന്നു കൂടുതല്‍ അന്വേഷണം. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും പോലീസ് പരിശോധന നടത്തിയിരുന്നു.

















