Newsskerala

അഭിരാം വധം; പ്രതികള്‍ ലക്ഷ്യമിട്ടത് ഇരട്ടക്കൊലപാതകം

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയില്‍ 17 കാരന്‍ അഭിരാമിന്റെ കൊലപാതകത്തില്‍ പ്രതികള്‍ ലക്ഷ്യമിട്ടത് ഇരട്ടക്കൊലപാതകമെന്ന് പൊലീസ്. കൊലയ്ക്ക് പിന്നില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷണം നടത്തും. അഭിരാമിന്റെ ഇന്‍സ്റ്റഗ്രാം ചാറ്റുകള്‍ ഡിലീറ്റായതെങ്ങനെയെന്ന് പരിശോധിക്കും. കാണാതായ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. അഭിരാമിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് മറ്റൊരു പെണ്‍ സുഹൃത്തുമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നതായാണ് സൈബര്‍സെല്‍ കണ്ടെത്തല്‍.

കേസില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ക്രമസമാധാന ചുമതലയുള്ള ഡിജിപിക്ക്്് സിറ്റി പൊലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബന്ധുക്കള്‍ 17 കാരനെ കാണ്മാനില്ല എന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നത് രാത്രി 10 മണിക്കാണ്. അതിന് മുന്‍പേ കൊലപാതകം നടന്നു കഴിഞ്ഞു. പരാതി ലഭിച്ചയുടന്‍ അന്വേഷണം നടത്തി പൊലീസ് പ്രതികളിലേക്ക് എത്തിയിരുന്നു. അന്ന് രാത്രി തന്നെ ഒന്നാം പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. എന്നാല്‍ ഒന്നാം പ്രതി പ്രായപൂര്‍ത്തിയാകാത്തതിനാല്‍ സ്റ്റേഷനില്‍ നിര്‍ത്താന്‍ കഴിയാത്തതിനാല്‍ മാതാപിതാക്കളോടൊപ്പം വിട്ടുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.അതേസമയം, അഭിരാം ഞായറാഴ്ച വൈകീട്ടോടെ വീട്ടില്‍ നിന്ന് ഇറങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അഭിറാമിന്റെ സംസ്‌കാരം ഇന്ന് നടക്കും.
പ്രതിയായ 17 കാരന്റെ  മുന്‍ കാമുകിയുടെ ഇപ്പോഴത്തെ ആണ്‍സുഹൃത്തായിരുന്നു ക്രിമിനല്‍ സംഘത്തിന്റെ ലക്ഷ്യം. അയാളെ നേരിട്ട് വിളിച്ച് കൊലപാതകം നടന്ന സ്ഥലത്ത് എത്തിക്കാന്‍ കഴിയാത്തതിനാല്‍ ഇയാളുടെ സുഹൃത്ത് നിരപരാധിയായ അഭിരാമിനെ വിളിച്ചുവരുത്തി കരുവാക്കി. അഭിരാമിനെ സ്ഥലത്ത് എത്തിക്കാന്‍ പ്രതികളില്‍ ഒരാളായ അനന്തയുടെ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുമ്പേ മെസ്സേജുകള്‍ അയച്ചു തുടങ്ങിയിരുന്നു. ഒടുവില്‍ ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ പുരയിടത്തിലെത്തിച്ചു. ഇവിടെ ക്രിമിനല്‍ കേസ് പ്രതിയായ ഉമറും 17 കാരനായ പ്രതിയും കാത്തു നിന്നു. അപകടം തിരിച്ചറിഞ്ഞ അഭിരാം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മര്‍ദ്ദിച്ച് അവശനാക്കി കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *