തൃശൂര്‍: ചെമ്പരത്തിയും വെള്ളരിക്കയും, പച്ചമാങ്ങയും, ചക്കയും രൂചിയേറും വിഭവങ്ങളായി ഒരുക്കിയത് തേക്കിന്‍കാട് മൈതാനത്തെ മെഗാപ്രദര്‍ശന വിപണന മേളയിലെത്തിയവര്‍ക്ക് നവ്യാനുഭവമായി. ചക്കയും മാങ്ങയും ഉപയോഗിച്ച് വിവിധ രൂചിക്കൂട്ടുകള്‍ ചേര്‍ത്ത് തയ്യാറാക്കിയ വിഭവങ്ങളാണ് വേറിട്ടുനിന്നത്.
സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചു നടക്കുന്ന പ്രദര്‍ശനത്തിന്റെ പ്രചരണാര്‍ത്ഥം കുടുംബശ്രീ സംഘടിപ്പിച്ച ജില്ലാതല പാചക മത്സരങ്ങളില്‍ സ്വാദിഷ്ഠമായ വിഭവങ്ങള്‍ തയ്യാറാക്കി.
ആദ്യ ദിനത്തില്‍ ജ്യൂസ്, ഷേയ്ക്ക് തുടങ്ങിയ വിഭവങ്ങളിലായിരുന്നു മത്സരം. നാടന്‍ ഇനമായ ചക്ക മുതല്‍ വിദേശിയായ ബ്ലൂബെറി വരെ മത്സരത്തില്‍ വിഭവങ്ങളായി.
ചക്ക കൊണ്ട് വിഭവങ്ങളൊരുക്കിയ ചാലക്കുടി ബ്ലോക്കിലെ സുനിത സജയനാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ബ്ലൂബെറി, കിവി ജ്യൂസുകളും സ്ട്രോബെറി ഷെയ്ക്കുമായി ചാവക്കാട് ബ്ലോക്കിലെ മുനീറ രണ്ടാം സ്ഥാനത്തിനര്‍ഹയായി.
ചെമ്പരത്തിപ്പൂ ജ്യൂസ്, ബീറ്റ്റൂട്ട് ജ്യൂസ്, ചക്ക ഷെയ്ക്ക്, മാങ്ങ ഷെയ്ക്ക് എന്നിവ തയ്യാറാക്കി കുന്നംകുളം നഗരസഭയിലെ ബിജി രജീഷ് മൂന്നാം സ്ഥാനവും നേടി. ജില്ലയിലെ 12 ബ്ലോക്കുകളില്‍ നിന്നായി 12 അംഗങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്.
സ്‌ക്വാഷ്, ജാം, ജെല്ലി പാചക മത്സരത്തില്‍ തക്കാളി-മാമ്പഴം ജാമും, വാഴപ്പിണ്ടി സ്ക്വാഷും വേറിട്ട വിഭവമായി.