തൃശൂര്‍: ആനപ്പുറത്ത് ഉയരുന്ന വെഞ്ചാമരം എഴുന്നള്ളിപ്പിന് വെണ്‍ചാരുതയേകുന്നു. ടിബറ്റിലെ യാക്കിന്റെ വാലാണ് വെഞ്ചാമരത്തിന് ഉപയോഗിക്കുന്നത്. പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ക്ക് ഓരോ വര്‍ഷവും വെഞ്ചാമരം നിര്‍മ്മിക്കുന്നതിന് 200 കിലോ യാക്കിന്റെ വാല്‍ വേണം.. തൃശൂര്‍ പുരത്തിന് എല്ലാ വര്‍ഷവും പുതിയ ചമയങ്ങള്‍ മാത്രമാണ് ഉപയോഗിക്കുക. എല്ലിന്റെ ഭാഗങ്ങളോട് കൂടിയ യാക്കിന്റെ വാല്‍ വേര്‍തിരിച്ചെടുക്കുന്നത് ഏറെ കഷ്ടപ്പെട്ടാണ്. മൈസൂരില്‍ നിന്നും, ചെന്നൈയില്‍ നിന്നും യാക്കിന്റെ വാല്‍ കിട്ടും. വാലില്‍ നിന്ന് രോമങ്ങള്‍ വലിപ്പത്തിന് അനുസരിച്ച് വേര്‍തിരിച്ചെടുക്കണം. വെള്ളനാരുകള്‍ കത്രികകൊണ്ട് വെട്ടി വേര്‍പ്പെടുത്തുന്നു. നാരിന് 18 ഇഞ്ച് വരെ നീളും കാണും. വലുതും, ചെറുതുമായ നാരുകളെല്ലാം ക്രമപ്രകാരം ഉപയോഗിക്കും. നാരുകളെ ഏറ്റവും വലുത്, ഇടത്തരം, പിന്നെ ചെറുത് എന്നീ ക്രമത്തില്‍ വേര്‍തിരിക്കും.
വലിച്ചുകെട്ടിയ ചരടില്‍ നാരുകള്‍ കോര്‍ത്തെടുക്കും. നീളമുള്ള നാരുകള്‍ ആദ്യം കോര്‍ക്കും. നീളം കുറഞ്ഞത് അവസാനമാണ് കോര്‍ക്കുക. മൂന്ന് ചരടാണ് ഇതിന് ഉപയോഗിക്കുന്നത്. ഒരു വാല് കോര്‍ത്ത് തയ്യാറാക്കാന്‍ 9 മണിക്കൂര്‍ വേണം. ഇത്തരം അറുപത് വാലുകള്‍ വേണ്ടി വരും. ഒരു വെഞ്ചാമരത്തില്‍ രണ്ട് വാലുകള്‍ വെച്ചാണ് കോര്‍ക്കുക. മുപ്പതെണ്ണം ഒരു വിഭാഗത്തിന് വേണം. കടഞ്ഞെടുത്ത പാലമരത്തിന്റെ പിടിയിലാണ് വെഞ്ചാമരം ചുറ്റുക. ഇതിനെ കതിര് എന്ന് പറയും. ദീപസ്തംഭം മാതൃകയിലുള്ള കതിരിന് 16 ഇഞ്ച് നീളും ഉണ്ടാകും. കതിരുകളുടെ പിടിയായി ഉപയോഗിക്കുന്നത് ഓടില്‍ വെള്ളി പ്ലേറ്റ് ചെയ്താണ്. പൂര്‍ണമായും ചുറ്റിയ നാരുകള്‍ കെട്ടി ഉറപ്പിക്കും. പിന്നീട് നാരുകള്‍ ചീകി വൃത്തിയാക്കും.