തൃശൂര്‍ : ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ അര ലക്ഷം രൂപ കോഴ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായ സ്ത്രീയടക്കമുള്ള നാല് വില്ലേജ് ജീവനക്കാരെ തൃശൂര്‍ വിജിലന്‍സ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പാലക്കാട് കടമ്പഴിപ്പുറം ഒന്നിലെ വില്ലേജ് അസിസ്റ്റന്‍ഡ് ഉല്ലാസ്, താത്ക്കാലിക ജീവനക്കാരി സുഖില, അമ്പലപ്പാറ ഫീല്‍ഡ് അസിസ്റ്റന്‍ഡ് പ്രസാദ് കുമാര്‍, വിരമിച്ച വില്ലേജ് അസിസ്റ്റന്‍ഡ് സുകുമാരന്‍ എന്നിങ്ങനെ നാല് പേരെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
കടമ്പഴിപ്പുറം ഒന്ന് വില്ലേജില്‍ വേട്ടേക്കര പാട്ടി മലയിലെ 12 ഏക്കര്‍ സ്ഥലം കോങ്ങാട് സ്വദേശി ഭഗീരഥന്റെ അപേക്ഷ പ്രകാരം അളന്ന് തിട്ടപ്പെടുത്താനാണ് അരലക്ഷം കൈക്കൂലി ആവശ്യപ്പെട്ടത്. സര്‍വീസില്‍ നിന്ന് വിരമിച്ച വിവരം മറച്ചുവച്ചാണ് സുകുമാരന്‍ തുക ആവശ്യപ്പെട്ടത്. അളവ് കഴിഞ്ഞ് കോഴപ്പണം വീതം വച്ചു മടങ്ങുമ്പോള്‍ ഭഗീരഥന് അറിയിച്ചിരുന്നതനുസരിച്ച് സ്ഥലത്തെത്തിയ വിജിലന്‍സ് സംഘം പ്രതികളെ തടഞ്ഞ് നിര്‍ത്തി കൈയ്യോടെ പിടികൂടുകയായിരുന്നു. രാത്രിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.