ഷാരോൺ രാജിന്റെ മൊഴിയിൽ ഗ്രീഷ്മയെ കുറ്റപ്പെടുത്തുന്നില്ല എന്നത് പോലീസ് കണ്ണുമടച്ച് വിശ്വസിച്ചത് വിനയായി ….ഗ്രീഷ്മയെ കൃത്യമായി ചോദ്യം ചെയ്യണമെന്ന് ഷാരോൺ രാജിന്റെ കുടുംബാംഗങ്ങൾ ഇരുപത്തിയൊന്നാം തീയതി മുതൽ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു ….
വിഷം കഴിച്ച് 10 ദിവസത്തോളം ആശുപത്രിയിൽ ചികിത്സതേടിയ ഷാരോൺ രാജ് ആന്തരിക രക്തസ്രാവം മൂലവും അവയവങ്ങൾ ഒന്നൊന്നായി പ്രവർത്തനം നിലച്ച ശേഷമാണ് മരണമടഞ്ഞത് …..
കൊച്ചി: ഞായറാഴ്ച രാവിലെ ചോദ്യം ചെയ്യൽ തുടങ്ങി മൂന്ന് മണിക്കൂറിനുള്ളിൽ കേപിക്യൂ എന്ന കീടനാശിനി നൽകി ഷാരോണിനെ കൊന്നു എന്ന ഗ്രീഷ്മയുടെ മൊഴി ക്രൈം ബ്രാഞ്ചിന് ലഭിച്ചപ്പോൾ, പോലീസിന്റെ ഈ ചോദ്യം ചെയ്യൽ ഇത്ര വൈകിയതിനാൽ നഷ്ടപ്പെട്ടത് ഷാരോൺ എന്ന ചെറുപ്പക്കാരനെ രക്ഷിക്കാനുള്ള അവസരമായിരുന്നു.
ഒക്ടോബർ 14 ലാണ് ഗ്രീഷ്മയുടെ വീട്ടിലെത്തി ഷാരോൺ വിഷം കഴിക്കുന്നത്. 17ന് ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. 21ന് മെഡിക്കൽ-ലീഗൽ കേസായി ആശുപത്രിയിൽ നിന്ന് റിപ്പോർട്ട് എത്തിയിട്ടും ഗ്രീഷ്മയെ അപ്പോൾ തന്നെ ചോദ്യം ചെയ്തിരുന്നെങ്കിൽ ഉള്ളിൽ ചെന്ന് വിഷത്തെക്കുറിച്ച് വിവരം ലഭിച്ച് ഒരുപക്ഷേ ഷാരോണിന് കൃത്യമായി ചികിത്സ നൽകി രക്ഷപ്പെടുത്താമായിരുന്നു എന്ന് എ.ഡി.ജി.പിയുടെ പത്രസമ്മേളനത്തിനുശേഷം ഷാരോണിന്റെ കുടുംബക്കാർ പറയുന്നു.
ഉള്ളിൽ എന്താണ് ചെന്നത് എന്നറിയാതെ കുഴയുകയായിരുന്നു ഷാരോണിനെ ചികിത്സിച്ച ഡോക്ടർമാർ. പാറശ്ശാലയിൽ ഷാരോൺ രാജിനെ കാമുകി ‘കാപിക്യൂ ‘ എന്ന കീടനാശിനി കഷായത്തിൽ കലക്കി നൽകി കാമുകിയായ ഗ്രീഷ്മ കൊലപ്പെടുത്തിയ കേസിൽ നിർണായകമായ പല കാര്യങ്ങളിലും എഡിജിപി എം .ആർ അജിത്കുമാർ പറഞ്ഞ കാര്യങ്ങൾ വസ്തുതകൾ ചൂണ്ടിക്കാട്ടി തള്ളി ഷാരോൺ രാജിന്റെ കുടുംബം.
പോലീസിന് വിഴ്ച്ച സംഭവിച്ചിട്ടില്ല എന്ന് അടിവരയിട്ട് ഇന്ന് രാത്രി നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞ എ.ഡി.ജി.പി, വിഴിഞ്ഞം സമരംമൂലമുള്ള തിരക്കുകൾ കാരണം അന്വേഷണത്തിന് ശ്രദ്ധ കൊടുക്കാൻ സാധിച്ചില്ല എന്ന് വരെയുള്ള വിചിത്രമായ ന്യായങ്ങൾ നിരത്തിയാണ് (പാറശാല) പോലീസിന്റെ വലിയ വീഴ്ച മറക്കാൻ ശ്രമിച്ചത്.
കേസിൽ നിർണായക തെളിവ് ആകാവുന്ന കഷായം കലർത്തിയ കുപ്പി പോലീസ് വേണ്ട സമയത്ത് കണ്ടെടുത്തില്ല എന്നത് വിചാരണ സമയത്ത് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നിരിക്കെ കഷായക്കുപ്പി എന്നൊന്നില്ല എന്ന കാര്യമാണ് എഡിജിപി പറയുന്നത്. പൊടികലക്കി തളപ്പിച്ച് യഥാസമയം ഉണ്ടാക്കുന്നതായിരുന്നു കഷായം എന്ന് എഡിജിപി പറഞ്ഞു. എന്നാൽ ഇനി കഴിക്കാനുള്ളത് അവസാന ഡോസ് എന്നാണ് ഷാരോണോട് ഗ്രീഷ്മ വാട്സ്ആപ്പ് ചാറ്റിൽ പറയുന്നത്. ആയതിനാൽ കഷായം യഥാസമയം തിളപ്പിക്കുകയല്ല എന്നും അത് ഒരു കുപ്പിയിൽ തന്നെയാണ് വെച്ചിരുന്നത് എന്നുമാണ് ഷാരോണിന്റെ ബന്ധുക്കൾ പറയുന്നത്.
ഗ്രീഷ്മയുടെ അച്ഛനും അമ്മയ്ക്കും ഈ കൊലയിൽ പങ്കില്ല എന്ന് പോലീസ് പറയുമ്പോൾ, ഒക്ടോബർ 14ന് ഗ്രീഷ്മ തന്റെ വീട്ടിൽ ആരുമില്ല എന്ന് പറഞ്ഞ് ഷാരോണിനെ വീട്ടിലേക്ക് ക്ഷണിച്ച് ഷാരോൺ വീട്ടിലെത്തുന്ന സമയം ഗ്രീഷ്മയുടെ മാതാപിതാക്കൾ വഴിയിലൂടെ പോകുന്നത് കണ്ടുവെന്ന് ഷാരോണിനെ അനുഗമിച്ച് സുഹൃത്ത് പറയുന്നു. ഗ്രീഷ്മയുടെ വിവാഹനിശ്ചയം കഴിഞ്ഞതിനാൽ അവരുമായുള്ള ബന്ധം തുടരരുത് എന്ന് ഷാരോണിനോട് മുൻപ് സംസാരിച്ചിരുന്ന അമ്മ ഷാരോണിനെ ഗ്രീഷ്മയുടെ വീട്ടിലേക്ക് പോകുന്ന വഴി വീട്ടിനടുത്ത് വച്ച് കണ്ടിരുന്നുവെന്നും ഷാരോണിന്റെ സുഹൃത്ത് പറയുന്നു.
കൃത്യമായി തന്ത്രങ്ങൾ മെനഞ്ഞുള്ള കൊലപാതകം ആയിരുന്നു എന്നും ഷാരോൺ ഗ്രീഷ്മയുടെ വീട്ടിലെത്തുന്ന നേരം അച്ഛനമ്മമാർ ബോധപൂർവ്വം മാറിനിന്ന് വിഷം കഷായത്തിൽ ചേർത്തു നൽകുന്നതിന് അവസരം ഒരുക്കുകയായിരുന്നു ഷാരോണിന്റെ കുടുംബം ആരോപിക്കുന്നു. കൂടാതെ ഗ്രീഷ്മയുടെ അമ്മാവൻ ഒരു മാസമായി ആ വീട്ടിൽ താമസിക്കുന്നുണ്ട് എന്നും നാട്ടുകാരും പറയുന്നു. ഇവർ ആരുമില്ലാത്ത ഒരു സമയം ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്ക് വിളിപ്പിച്ചതിൽ വലിയ ദുരൂഹതയുണ്ടെന്നും ആരോപിക്കപ്പെടുന്നു.
തമിഴ്നാട് സ്വദേശിയായ ഒരു പട്ടാളക്കാരനുമായുള്ള ഗ്രീഷ്മയുടെ വിവാഹനിശ്ചയം കഴിഞ്ഞ ഫെബ്രുവരിയിൽ നടന്നിരുന്നു. അതിനുശേഷം ബന്ധം ഒഴിയാൻ വിസമ്മതിച്ച ഷാരോണിനെ വകവരുത്തുകയായിരുന്നു എന്നാണ് എ.ഡി.ജി.പി പത്രസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ ഒരു വർഷമായി നീണ്ടുനിന്ന ബന്ധത്തിൽ ഒരുമാസം കഴിഞ്ഞ ശേഷം വെട്ടുകാട് പള്ളിയിൽ പോയി ഗ്രീഷ്മ കൊടുത്ത കുങ്കുമം ഷാരോൺ ഗ്രീഷ്മയുടെ സിന്ദൂരരേഖയിൽ ചാർത്തിയിരുന്നുവെന്ന് ഷാരോണിന്റെ കുടുംബക്കാർ പറയുന്നു. ഫെബ്രുവരിയിലെ വിവാഹനിശ്ചയ ശേഷം ജോലിക്കാരായ ഷാരോണിന്റെയും മാതാപിതാക്കൾ വീട്ടിൽ ഇല്ലായിരുന്ന സമയത്ത് ഷാരോണിന്റെ വീട്ടിലെത്തി ഗ്രീഷ്മക്ക് ഷാരോൺ താലി ചാർത്തിയിരുന്നു കുടുംബക്കാർ വ്യക്തമാക്കുന്നു.
കൂടാതെ തികഞ്ഞ സന്തോഷവതിയായി വിവാഹനിശ്ചയം കഴിഞ്ഞ ശേഷവും പലസ്ഥലങ്ങളിലും ശ്രീഷ്മ ഷാരോണിനൊപ്പം സന്ദർശനം നടത്തിയതിന്റെ ദൃശ്യങ്ങൾ തങ്ങളുടെപക്കം ഉണ്ടെന്നും ഷാരോണിന്റെ കുടുംബം പറയുന്നു. ദൃശ്യങ്ങളിൽ പലതിലും രേഷ്മയുടെ കയ്യിൽ ജ്യൂസ് കുപ്പി ഉണ്ടെന്നതും ശ്രദ്ധേയമാണ്. ഗ്രീഷ്മയുമായി പല സ്ഥലങ്ങളും സന്ദർശിച്ച ശേഷം കഴിഞ്ഞ മൂന്നുമാസമായി വിവിധ സമയങ്ങളിൽ ഷാരോണിന് ശർദ്ദിയും ഉദരസംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നുവെന്നും അതിനായി കഴിഞ്ഞമാസം ചികിത്സ തേടിയിരുന്നുവെന്നും ഷാരോണിന്റെ അമ്മ പറയുന്നു.
എന്നാൽ മുൻപ് പല സമയങ്ങളിലായി ഷാരോണിന് ജ്യൂസിൽ വിഷം കലർത്തി നൽകി എന്ന ആരോപണം അപ്പാടെ തള്ളി കൊണ്ടായിരുന്നു എഡിജിപിയുടെ പത്രസമ്മേളനം. ആദ്യ ഭർത്താവ് മരണപ്പെടുമെന്ന് അന്ധവിശ്വാസത്തിൽ കൊല നടത്തി എന്ന സംശയത്തിലേക്ക് വഴിവെക്കുന്നതാണ് ഇത്തരം കാര്യങ്ങൾ.
എന്നാൽ ഷാരോണമായുള്ള ബന്ധം അവസാനിപ്പിക്കാൻ വേണ്ടിയാണ് അങ്ങനെയൊരു കാര്യം പറഞ്ഞത് എന്നാണ് എഡിജിപി പോലീസിന്റെ നിഗമനമായ പത്രസമ്മേളനത്തിൽ പറഞ്ഞത്. മാധ്യമങ്ങൾ വലിയ വാർത്തയാക്കിയ ശേഷം മാത്രമാണ് ഗൗരവമായി പോലീസ് വിഷയത്തിൽ ഇടപെട്ടത് എന്ന് ഷാരോണിന്റെ കുടുബം പറയുന്നു.