ഗ്രീഷ്മയുടെ ‘കഷായം ചലഞ്ച് ‘, ഷാരോണിന്റെ ജീവനെടുത്തു ….
ജ്യൂസിലും കുറഞ്ഞതോതിൽ വിഷം മുൻപ് നൽകിയിരുന്നു എന്നും സ്ലോ പോയ്സണിങ് രീതി ഇൻറർനെറ്റിൽ പരതിനോക്കിയിരുന്നതായും വിവരം….
കഷായത്തിൽ വിഷം കലർത്തിയ കുപ്പി പിടിച്ചെടുക്കാത്തത് തെളിവുകൾ ശേഖരിക്കുന്നതിൽ പോലീസ് വരുത്തിയ വലിയ വീഴ്ച …..
ആ കുട്ടി അങ്ങനെയൊന്നും ചെയ്യില്ല എന്നും ഒരാളെ മനസ്സിലാക്കാൻ കുറച്ചുനേരം സംസാരിച്ചാൽ മതിയെന്നും പാറശ്ശാല പ്രിൻസിപ്പൽ എസ് ഐ ഗ്രീഷ്മയെകുറിച്ച് ഷാരോണിന്റെ ജേഷ്ഠനോട് പറഞ്ഞിരുന്നു …..
ഒരു ബസ് യാത്രയ്ക്കിടയിൽ അവിചാരിതമായി കണ്ടെത്തിയ ഗ്രീഷ്മ തന്നെ വിഷം നൽകി കൊല്ലുമെന്ന് രണ്ടാംവർഷ BSc റേഡിയോളജി വിദ്യാർത്ഥിയായ ഷാരോൺ ഒരിക്കലും കരുതിയിരുന്നില്ല …
മരണമൊഴിയിൽ പോലും ശ്രീഷ്മയെ സംരക്ഷിച്ച നിഷ്കളങ്ക കാമുകനായി ഷാരോൺ ….
മറ്റൊരു പുരുഷനുമായി വിവാഹം ഉറപ്പിച്ചശേഷം ഷാരോനുമായി വീണ്ടും സമ്പർക്കം പുലർത്തി അനൗദ്യോഗികമായി വിവാഹം കഴിച്ചിരുന്നതായി ഷാരോണിന്റെ കുടുംബം ….
വിഷം കഴിച്ച് 10 ദിവസത്തോളം ആശുപത്രിയിൽ ചികിത്സതേടിയ ഷാരോൺ രാജ് ആന്തരിക രക്തസ്രാവം മൂലവും അവയവങ്ങൾ ഒന്നൊന്നായി പ്രവർത്തനം നിലച്ച ശേഷമാണ് മരണമടഞ്ഞത് …..
കൊച്ചി: നിഷ്കളങ്ക സ്നേഹത്തിന് ഷാരോണ് ലഭിച്ച പ്രതിഫലം കാമുകി കഷായത്തിൽ ചേർത്തുകൊടുത്ത റബ്ബർ തോട്ടത്തിൽ തെളിക്കുന്ന വിഷം. പാറശ്ശാല പോലീസ് ഒഴിച്ച് മറ്റെല്ലാവരും സംശയിച്ചത് പോലെ തന്നെ തിരുവനന്തപുരം 25 ന് മരിച്ച ഷാരോൺ, 23, മരിച്ചത് രണ്ടാം വർഷ എം.എ വിദ്യാർഥിനിയും കാമുകിയുമായ ശ്രീഷ്മ കഷായത്തിൽ കലക്കി കൊടുത്ത വിളനാശിനി മൂലം.
ഷാരോണിന്റെ മരണശേഷം കഴിഞ്ഞ നാല് ദിവസമായി കുടുംബാംഗങ്ങൾ നിരന്തരം പറഞ്ഞിട്ടും വിശ്വസിക്കാത്ത പാറശ്ശാല പോലീസ് കേരളത്തിനുതന്നെ തന്നെ അപമാനമായി മാറിയപ്പോൾ വീട്ടുകാരുടെയും മാധ്യമങ്ങളുടെയും നിരന്തരമായ ആവശ്യം മുൻനിർത്തി ക്രൈംബ്രാഞ്ച് ഇന്ന് രാവിലെ ഗ്രീഷ്മയെ ചോദ്യം ചെയ്തപ്പോൾ ഉത്തരംമുട്ടി വൈകാതെ തന്നെ അവർക്കുറ്റം സമ്മതിച്ചു.
ഗ്രീഷ്മയുടെ വീട്ടിൽ ഒക്ടോബർ 14ന് അവർ തന്നെ വിളിച്ചതു പ്രകാരം എത്തിയ ഷാരോൺ രാജിന് തനിക്ക് കയപ്പ് കാരണം കഷായം കുടിക്കാൻ സാധിക്കുന്നില്ല അത് കുടിച്ചു കാണിക്കാമോ എന്ന് ചോദിച്ച് ‘കഷായം ‘ ചലഞ്ച് ആയി ശ്രീഷ്മ ഷാരോൺ രാജിനെക്കൊണ്ട് അത് കുടിപ്പിക്കുകയായിരുന്നു എന്ന ആരോപണം ശരി വെക്കുന്ന തരത്തിലാണ് ചോദ്യം ചെയ്യലിൽ കാര്യങ്ങൾ ഉരുത്തിരിഞ്ഞത്.
റബ്ബർ തോട്ടത്തിലെ ചെടികളിൽ തളിക്കുവാനായി അമ്മാവൻ കരുതി വെച്ചിരുന്ന കളനാശിനി ഷാരോണിന് കഷായത്തിൽ കലർത്തി നൽകി എന്ന് ഗ്രീഷ്മ മൊഴി നൽകി. തന്റെ വിവാഹനിശ്ചയം കഴിഞ്ഞ ശേഷവും ബന്ധത്തിൽ നിന്ന് ഷാരോൺ പിന്മാറാത്തതാണ് കൊലപാതകത്തിന് കാരണമെന്ന് ഗ്രീഷ്മ പറയുന്നു. ഷാരോൺ വീട്ടിൽ വന്ന വേളയിൽ ബന്ധത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ ഇത് താൻ കുടിക്കും എന്ന് പറഞ്ഞു ഷാരോണിനെ ഗ്രീഷ്മ ഭീഷണിപ്പെടുത്തി എന്നും പിന്നീട് ഷാരോൺ ടോയ്‌ലറ്റിൽ പോയ സമയം അത് കഷായത്തിൽ ചേർത്ത് നൽകുകയായിരുന്നുവെന്നും താൻ കഷായത്തിൽ വിഷം കലർത്തിയെന്ന് ഷാരോണിനോട് പറഞ്ഞിരുന്നുവെന്നും തീർത്തും വിശ്വാസയോഗ്യതയില്ലാത്ത മൊഴിയാണ് ഗ്രീഷ്മ ഇപ്പോൾ പോലീസിന് നൽകിയിട്ടുള്ളത്. ഏതു രീതിയിലായാലും വിഷം കലർന്ന കഷായം ഷാരോണിന് ഗ്രീഷ്മ കൊടുത്തു എന്ന കാര്യത്തിൽ കൃത്യത വന്നു.
വിഷം ഷാരോൺ കുടിക്കുന്ന ഒരു ദിവസം മുൻപ് ഒൿടോബർ 13 ന് ഷാരോണിന് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായി. നിരന്തരമായി ജ്യൂസ് ചലഞ്ച് എന്നുപറഞ്ഞ് ഷാരോണിനെ കൊണ്ട് മാംഗോ ജ്യൂസ് കഴിപ്പിക്കുന്നത് ഗ്രീഷ്മ പതിവാക്കിയിരുന്നു എന്ന് അവർ തമ്മിലുള്ള വീഡിയോകളിൽ നിന്നും ഷാരോണിന്റെ മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയിൽ നിന്നും വ്യക്തമാണ്.
ഇതിന് മുൻപ് രണ്ട് കൂട്ടരുടെയും മാതാപിതാക്കൾ അറിയാതെ ഷാരോണിന്റെ വീട്ടിൽ വച്ച് അനൗദ്യോഗികമായി ഇവർ വിവാഹം കഴിച്ചിരുന്നുവെന്നും ആ നിലയ്ക്ക് തന്റെ ആദ്യ ‘ഭർത്താവായ ‘ ഷാരോണിനെ കൊലപ്പെടുത്തുകയായിരുന്നു എന്നും അന്ധവിശ്വാസവുമായി ഈ വിഷയത്തെ ബന്ധപ്പെടുത്തി കാണുന്ന ഷാരോണിന്റെ മാതാപിതാക്കൾ പറയുന്നു.
ഗ്രീഷ്മയെ ആദ്യം വിവാഹം കഴിക്കുന്നയാൾ മരണപ്പെടുമെന്ന് ഒരു ജോത്സ്യൻ പറഞ്ഞതായി ഗ്രീഷ്മ തന്നെ ഷാരോണിനോട് പറഞ്ഞതായി ഷാരോണിന്റെ സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു. കഷായം സംബന്ധിച്ച് സംശയങ്ങൾ നിരവധിതവണ പാറശ്ശാല പോലീസിനെ അറിയിച്ചെങ്കിലും കഷായക്കുപ്പി കണ്ടെടുക്കുവാനോ ഗ്രീഷ്മയെയും മാതാപിതാക്കളെയും ചോദ്യം ചെയ്യാതെ അവർക്ക് പോലീസ് സംരക്ഷണം നൽകി എന്ന ഗുരുതരമായ വീഴ്ച പാറശ്ശാല പോലീസിന് സംഭവിച്ചു എന്ന് വ്യക്തമാണ്.
പിന്നീട് പോലീസ് നിസംഗത പാലിച്ചതിനാൽ മാധ്യമങ്ങളും ഷാരോണിന്റെ മാതാപിതാക്കളും സുഹൃത്തുക്കളും പുറത്തുവിട്ട തെളിവുകൾ അവഗണിക്കാൻ പറ്റാതിരുന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന്റെ കൃത്യമായ ചോദ്യം ചെയ്യലിന് പോലീസ് തന്നെ നിർബന്ധിതരായത്.
കരഞ്ഞും കണ്ണീരൊലിപ്പിച്ചും ശ്രീഷ്മ ഒരുതവണ മാധ്യമങ്ങൾക്ക് മുന്നിൽ വന്നെങ്കിലും നിർണായകമായ പല ചോദ്യങ്ങൾക്കും അവർ കൃത്യമായി മറുപടി നൽകുന്നില്ല എന്നതും കഷായക്കുപ്പി കഴുകി വച്ചതും കഷായം എവിടെനിന്നു വാങ്ങി എന്ന് ഷാരോണിന്റെ ആയുർവേദ ഡോക്ടർ കൂടിയായ ജേഷ്ഠൻ ഷിമോൺ ഫോണിൽ ചോദിച്ചപ്പോൾ കൃത്യമായി മറുപടി നൽകാതിരുന്നതും ഗ്രീഷ്മയുടെയും കുടുംബത്തിന്റെയും പങ്ക് ഷാരോണിന്റെ മരണത്തിനു പിന്നിൽ ഉണ്ട് എന്ന് ശക്തമായ സൂചനകൾ നൽകിയിരുന്നു.