മാധ്യമപ്രവര്‍ത്തകര്‍ക്കായി അടിയന്തര ജീവന്‍രക്ഷാ പരിശീലനപരിപാടി
തൃശൂര്‍: ഹൃദയാഘാതം വന്ന രോഗിക്ക് എത്രയും പെട്ടെന്ന് പ്രാഥമിക ശുശ്രൂഷ നല്കിയാല് ജീവന് രക്ഷിക്കാന്‍ കഴിയുമെന്ന് ജൂബിലി മിഷന് മെഡിക്കല്‍ കോളേജിലെ ഡോ. പി.സി. രാജീവ് പറഞ്ഞു. പ്രസ് ക്ലബില്‍ അംഗങ്ങള്‍ക്കായി നടത്തിയ അടിയന്തര ജീവന്‍രക്ഷാ പരിശീലനപരിപാടിയില്‍ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം. ഹൃദയാഘാതം വന്നാല്‍ ആദ്യത്തെ പത്ത് മിനിറ്റിനുള്ളില്‍ അടിയന്തര ശുശ്രൂഷ നല്‍കണം. ഈ സമയം ഓരോ സെക്കന്‍ഡിനും ജീവന്റെ വിലയുണ്ടെന്ന ബോധ്യം വേണം.
വികസിത രാജ്യമായ അമേരിക്കയിൽ പോലും 18% ആളുകൾക്ക് മാത്രമേ സിപിആർ നൽകാനുള്ള പരിശീലനം ലഭിച്ചിട്ടുള്ളൂ, ഡോ.രാജീവ് ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ജില്ലാ കമ്മിറ്റിയും ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് തൃശൂരും സംയുക്തമായാണ് തൃശൂര്‍ പ്രസ്ക്ലബ് അംഗങ്ങള്‍ക്കായി അടിയന്തര ജീവന്‍രക്ഷാ (സി.പി.ആര്) പരിശീലന പരിപാടി സംഘടിപ്പിച്ചത്.. ജൂബിലി മിഷന് മെഡിക്കല്‍ കോളേജിലെ ഡോ. പി.സി. രാജീവ് ക്ലാസെടുത്തു. ഐ.എം.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഗോപികുമാര്‍, ജില്ലാ ചെയര്മാന് ഡോ. ബൈജു, കണ്‍വീനര്‍ ഡോ. പവന് മധുസൂദനന് എന്നിവര്‍ നേതൃത്വം നല്കി. പ്രസ് ക്ലബ് പ്രസിഡന്റ് ഒ. രാധിക അധ്യക്ഷത വഹിച്ചു. സെക്രട്ടറി പോള്‍ മാത്യു നന്ദി പറഞ്ഞു. സി.പി.ആര് പരിശീലന വാരത്തോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളില്‍ ഇത്തരത്തില്‍ പരിപാടികള്‍ സംഘടിപ്പിച്ചു വരികയാണെന്ന് കണ്‍വീനര്‍ ഡോ. പവന് മധുസൂദനന് പറഞ്ഞു. പരിശീലനത്തില്‍ പങ്കെടുത്ത എല്ലാ അംഗങ്ങള്‍ക്കും ഐ.എം.എ സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ഹൃദയാഘാതം മൂലം മരണം സംഭവിച്ച മുൻ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുൽ കലാമിന്റെ സ്മരണാർത്ഥം ജൂലൈ 21-28 വരെ ദേശീയ സിപിആർ വാരം ആചരിക്കുകയാണ്. സിപിആറിന്റെ പ്രാധാന്യം കണക്കിലെടുത്ത് ചുരുങ്ങിയ കാലയളവിൽ കേരളത്തിൽ 25 ലക്ഷം ആളുകൾക്ക് സിപിആർ പരിശീലനം നൽകാൻ ഐഎംഎ തീരുമാനിച്ചിട്ടുണ്ട്.
പരിശീലന പരിപാടികൾ നടത്തുവാൻ താല്പര്യമുള്ള സംഘടനകൾ സ്കൂളുകൾ കോളേജുകൾ എന്നിവക്ക് പ്രാദേശിക ഐഎംഎ ശാഖകളുമായി ബന്ധപ്പെടാവുന്നതാണ്.