Watch Video
101 അടി നീളത്തില്‍ 827 കിലോ തൂക്കം വരുന്ന കേക്ക് മുറിച്ച് മധുരം പങ്കിട്ടായിരുന്നു വി.അന്തോണീസിന്റെ 827-ാം ജന്മദിനാഘോഷം
തൃശൂര്‍: പാദുവ-തൃശൂര്‍ തിരുഹൃദയ റോമന്‍ കാത്തലിക് ലത്തീന്‍ പള്ളിയില്‍ വി.അന്തോണീസിന്റെ ജന്മദിനതിരുനാളാഘോഷത്തിന് ആയിരങ്ങള്‍ സാക്ഷിയായി. 101 അടി നീളത്തില്‍ 827 കിലോ തൂക്കം വരുന്ന കേക്ക് മുറിച്ച് മധുരം പങ്കിട്ടായിരുന്നു വി.അന്തോണീസിന്റെ 827-ാം ജന്മദിനാഘോഷം.
തിരുകര്‍മ്മങ്ങള്‍ക്ക് വികാരി റവ.ഫാ. ജോസഫ് ജോഷി മുട്ടിക്കല്‍, സഹവികാരി ഫാ.ലിയോണ്‍ തോമസ് എന്നിവര്‍ നേതൃത്വം നല്‍കി. കോട്ടപ്പുറം രൂപത ബിഷപ്പ് റവ.ഡോ. ജോസഫ് കാരിക്കശ്ശേരി, വികാരി ജനറല്‍ വെരി.റവ.മോണ്‍ ആന്റണി കുരിശിങ്കല്‍, മുന്‍വികാരി റവ.ഡോ.ആന്റണി ബിനോയ് അറയ്ക്കല്‍ എന്നിവരും പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിച്ചു.
രാവിലെ ആറര മുതല്‍ തന്നെ അപൂര്‍വ നിര്‍മിതിയായ അത്ഭുത കേക്ക് കാണുവാന്‍ ലത്തീന്‍ പള്ളിയിലേക്ക് വിശ്വാസികളുടെ പ്രവാഹമായിരുന്നു. രാത്രി എട്ടിനായിരുന്നു ജന്മദിന കേക്കിന്റെ ആശീര്‍വാദകര്‍മ്മം. ബേക്കിംഗ് രംഗത്തെ പരിചിതരായ 24 പാചകവിദഗ്ധര്‍ 2 ദിവസമെടുത്താണ് രുചിയുടെ തിരുമധുരമൂറുന്ന കേക്ക് തയ്യാറാക്കിയത്. വി.അന്തോണീസ് പുണ്യാളന്റെ അത്ഭുതങ്ങളും, തൃശൂരിന്റെ തനത് കലയായ പുലിക്കളിയും മാതാവിന്റെ ഗ്രോട്ടോയും ഈ ഭീമന്‍ കേക്കില്‍ ആലേഖനം ചെയ്തിരിക്കുന്നു.
മൂന്ന് ആശുപത്രികള്‍ക്ക് രണ്ട് ലക്ഷം വീതം ഡയാലിസിസ് ഫണ്ടും നല്‍കി. പാരീഷ് കൗണ്‍സില്‍ സെക്രട്ടറി ബ്രിസ്റ്റോ.ടി.ജെ, കേന്ദ്രസമിതി പ്രസിഡണ്ട് ലോറന്‍സ് പുത്തന്‍പുരക്കല്‍, മീഡിയ കണ്‍വീനര്‍ നിഷിന്‍ ലോറന്‍സ് എന്നിവരും ചടങ്ങിന് നേതൃത്വം നല്‍കി