Watch Video here….
പുലിക്കളിക്ക് ശേഷം തിരക്കൊഴിഞ്ഞപ്പോൾ സ്ത്രീകളും കുട്ടികളും പുലികൾക്ക് അടുത്ത് ചെന്ന് സെൽഫിയെടുത്ത് വീട്ടിലേക്ക് മടങ്ങി. സംഘങ്ങളോടൊപ്പം എത്തിയ നിശ്ചലദൃശ്യങ്ങളും പുലിക്കളിക്ക് മാറ്റുകൂട്ടി…………
തൃശൂർ: കോവിഡ് ലോക്ക്ഡൗണുകൾക്ക് ശേഷം രണ്ടുവർഷത്തെ ഇടവേള കഴിഞ്ഞ് നടന്ന തൃശൂരിലെ പുലിക്കളി രാത്രിയിലേക്ക് നീണ്ടപ്പോഴും ആസ്വാദകരുടെ തിരക്കൊഴിയാതെ പുലിക്കളി വേദിയായ സ്വരാജ് റൗണ്ട്. വൈകിട്ട് അഞ്ചുമണിയോടെ സ്വരാജ് റൗണ്ടിൽ പ്രവേശിച്ച പുലികൾ രാത്രി 9 മണിവരെ തിമിർത്താടി.
പുലി കൊട്ടിന്റെ അവസാന താളം വരെയും കാത്തുനിന്ന പുലിക്കളി പ്രേമികൾ അവസാന ചുവടു വരെയും പുലികളെ പ്രോത്സാഹിപ്പിച്ചു. പുലിക്കളിക്ക് ശേഷം തിരക്കൊഴിഞ്ഞപ്പോൾ സ്ത്രീകളും കുട്ടികളും പുലികൾക്ക് അടുത്ത് ചെന്ന് സെൽഫിയെടുത്ത് വീട്ടിലേക്ക് മടങ്ങി. സംഘങ്ങളോടൊപ്പം എത്തിയ നിശ്ചലദൃശ്യങ്ങളും പുലിക്കളിക്ക് മാറ്റുകൂട്ടി.
അരമണി കിലുക്കി നൃത്തച്ചുവടുവെച്ച് നീങ്ങിയ പുലിക്കൂട്ടങ്ങളെ കാണാന്‍ ഇക്കുറി റെക്കോഡ് ജനക്കൂട്ടമായിരുന്നു. അഞ്ച് മണിക്ക് മുന്‍പേ നഗരവും, പരിസരവും ജനനിബിഡമായി. ഇത്തവണ കാനാട്ടുകര ദേശം, പൂങ്കുന്നം ദേശം, വിയ്യൂര്‍ സെന്റര്‍, ശക്തന് ദേശം, അയ്യന്തോള്‍ ദേശം എന്നീ അഞ്ച് സംഘങ്ങളാണ് പുലിക്കളി ഉത്സവത്തിലെ പങ്കാളികള്‍. ഇരുന്നൂറ്റിയമ്പതോളം പേര് പുലി വേഷമിട്ടു.
പൂങ്കുന്നം ദേശമായിരുന്നു ആദ്യം നടുവിലാല്‍ ഗണപതിക്ക് മുന്നില്‍ തേങ്ങയുടച്ച് സ്വരാജ് റൗണ്ടില്‍ പ്രവേശിച്ചത്. പൂങ്കുന്നം ദേശത്ത് 50 മനുഷ്യ പുലികള്‍ നിരന്നു. രണ്ടാമതായി എം.ഒ. റോഡിലൂടെ ശക്തന് ദേശം റൗണ്ടിലെത്തി. തൊട്ടുപിന്നാലെ എം.ജി.റോഡിലൂടെ കാനാട്ടുകര ദേശവും റൗണ്ടിലെത്തി. കാനാട്ടുകരയില്‍ 45 പുലികള്‍ അണിനിരന്നു.
അല്പ നേരത്തിന് ശേഷം അയ്യന്തോള്‍ ദേശവും എത്തി. വടക്കേ സ്റ്റാന്‍ഡിലൂടെ വിയ്യൂര്‍ ദേശമാണ് അവസാനം നഗരത്തില്‍ എത്തിയത്. ആശുപത്രിയിലെ കോവിഡ് ദുരന്തക്കാഴ്ച, കൂട്ടിലാക്കപ്പെട്ട പുലി തുടങ്ങിയ സമകാലിക പ്രശ്നങ്ങളും , പുരാണങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളും ഒരുക്കിയ പ്ലോട്ടുകള്‍ കൗതുകകാഴ്ചയായി. കുതിരപ്പുറത്തുള്ള പുലിയും, വിവിധ നിറങ്ങളിലുളള പുലികളും പുലിയുത്സവത്തെ വര്‍ണാഭമാക്കി.