തൃശൂർ: കുന്നംകുളം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീനിയര്‍ ഗ്രൗണ്ടില്‍ ഒക്ടോബര്‍ 16 മുതല്‍ 20 വരെ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ കാല്‍നാട്ടല്‍ എ സി മൊയ്തീന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 3000 ത്തോളം കായിക താരങ്ങള്‍ പങ്കെടുക്കും. മത്സരങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ കുന്നംകുളത്ത് ഒരുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പെണ്‍കുട്ടികള്‍ക്കുള്ള താമസ സൗകര്യം ഏര്‍പ്പെടുത്തുക. സമീപത്തെ പതിനേഴോളം വിദ്യാലയങ്ങളിലായി മത്സരാര്‍ത്ഥികള്‍ക്കുളള താമസ സൗകര്യമൊരുക്കും.
സീനിയര്‍ ഗ്രൗണ്ടിനോട് ചേര്‍ന്നുള്ള പ്രാക്ടീസ് ഗ്രൗണ്ടിലാണ് ആറായിരത്തോളം പേര്‍ക്കുള്ള വിഭവ സമൃദ്ധമായ ഭക്ഷണം ഏര്‍പ്പെടുത്തുക. രാവിലെ പാല്‍, മുട്ട, പുഴുങ്ങിയ പഴം ഉച്ചയ്ക്ക് സദ്യ, രാത്രി മാംസാഹാരം എന്നിവ ഉള്‍പ്പെട്ട ഭക്ഷണവുമാണ് ഒരുക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. കുടിവെള്ളത്തിനായി പ്രത്യേകം വാട്ടര്‍ ടാങ്കും ക്രമീകരിക്കും.
20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തൃശ്ശൂര്‍, ജില്ലയില്‍ നടക്കുന്ന കായികോത്സവത്തില്‍ 98 ഇനങ്ങളിലായി സബ്ബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ (ആണ്‍/പെണ്‍) വിഭാഗങ്ങളിലായി 3000ത്തോളം കായികതാരങ്ങളും, 350 ഓഫീഷ്യല്‍സും 200 എസ്‌കോര്‍ട്ടിംഗ് ഒഫീഷ്യല്‍സും പങ്കെടുക്കും.