തൃശൂര്‍: കുട്ടികള്‍ക്ക് നേരെ നഗ്നത കാട്ടിയെന്ന പരാതിയില്‍ നടന്‍ ശ്രീജിത്ത് രവി അറസ്റ്റില്‍. പോക്‌സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. വെസ്റ്റ് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ മാസം നാലിന് വൈകിട്ട് 3.30 തോടെ അയ്യന്തോള്‍ എസ് എന്‍ പാര്‍ക്കിനടുത്ത് വെച്ചായിരുന്നു സംഭവം നടന്നത്. പതിനൊന്നും അഞ്ചും വയസുള്ള രണ്ട് കുട്ടികള്‍ക്ക് മുന്നില്‍ വെച്ച് നഗ്‌നതാ പ്രദര്‍ശനം നടത്തിയ ശേഷം ശ്രീജിത്ത് വാഹനത്തില്‍ ഇവിടെ നിന്ന് കടന്ന് കളഞ്ഞു.
കുട്ടികള്‍ ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചുു. എന്നാല്‍ പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് പോലീസില്‍ പരാതി നല്‍കി. കറുത്ത സഫാരി കാറിലെത്തിയ ആളാണ് നഗ്‌നതാ പ്രദശനം നടത്തിയതെന്ന് കുട്ടികള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തി. സമീപത്തെ സിസി ടിവികള്‍ പരിശോധിച്ച് ഇന്ന് രാവിലെ പ്രതിയെ അറസ്റ്റ് ചെയ്തു.
ഇയാള്‍ കുറ്റം സമ്മതിച്ചെന്നാണ് വിവരം. തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്‌നമാണെന്നുമാണ് ശ്രീജിത്ത് രവി പോലീസിനോട് പറഞ്ഞിരിക്കുന്നത്. കുട്ടികളും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രതിയെ കോടതിയില്‍ ഹാജരാക്കും. നേരത്തെയും സമാനമായ കേസില്‍ ശ്രീജിത്ത് രവി പ്രതിയായിരുന്നു. ഒറ്റപ്പാലം പത്തിരിപ്പാലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ നഗ്‌നതാപ്രദര്‍ശനം നടത്തിയതിന് 2016 ലാണ് നേരത്തെ ഇയാള്‍ അറസ്റ്റിലായത്.