തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിന് തിരിച്ചടി. ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് ഡയറക്ടര്‍ മടക്കി . കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വേണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു.
തിരുവനന്തപുരം സ്‌പെഷല്‍ ഇന്‍വസ്റ്റിഗേഷന്‍ യൂണിറ്റ് എസ.്പിയാണ് അന്വേഷണം നടത്തിയത്. വ്യക്തത ആവശ്യമായ കാര്യങ്ങള്‍ ചൂണ്ടികാട്ടി റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥനു ഡയറക്ടര്‍ മടക്കി അയച്ചു. കൂടുതല്‍ അന്വേഷണം നടത്തി ഫയലുമായി നേരിട്ട് ചര്‍ച്ചക്ക് വരാനും നിര്‍ദ്ദേശം നല്‍കി.
അജിത്കുമാറിനെതിരെ പി.വി. അന്‍വര്‍ എം.എല്‍.എ നടത്തിയ ആരോപണങ്ങളിലാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവന്‍കോണത്തെ ഫ്‌ളാറ്റ് വില്‍പ്പന, മലപ്പുറം എസ്.പിയുടെ ക്യാമ്പ് ഓഫീസിലെ മരംമുറി എന്നീ ആരോപണങ്ങളില്‍ ഒരു കഴമ്പില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.
സ്വര്‍ണക്കടത്ത് കേസില്‍ പി.വി. അന്‍വറിന് തെളിവ് ഹാജരാക്കാനായില്ല. കവടിയാറിലെ ആഢംബര വീട് നിര്‍മാണത്തിനായി എസ്.ബി.ഐയില്‍ നിന്ന് ഒന്നരക്കോടി വായ്പ എടുത്തിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. വീട് നിര്‍മാണം യഥാസമയം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്ത് വിവര പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
കുറവന്‍കോണത്ത് ഫ്‌ളാറ്റ് വാങ്ങി പത്ത് ദിവസത്തിനുള്ളില്‍ ഇരട്ടിവിലക്ക് മറിച്ചു വിറ്റു എന്നും ഇതുവഴി കള്ളപ്പണം വെളുപ്പിച്ചുവെന്നുമുള്ള ആരോപണം ശരിയല്ല. സര്‍ക്കാരിനെ അറിയിക്കുന്നതടക്കം എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും വിജിലന്‍സ് കണ്ടെത്തി.
കസ്റ്റംസിലെ ചിലരുടെ സഹായത്തോടെ കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് മലപ്പുറം എസ്പി ആയിരുന്ന സുജിത് ദാസ് ഒത്താശ ചെയ്‌തെന്നും ഇതിന്റെ വിഹിതം അജിത് കുമാറിനു ലഭിച്ചു എന്നുമായിരുന്നു മറ്റൊരു ആരോപണം.
എന്നാല്‍ സുജിത് ദാസിന്റെ കാലയളവിലാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം പിടികൂടിയതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെ വരെ കേസുകളില്‍ പ്രതി ചേര്‍ത്തിട്ടുണ്ടെന്നും കണ്ടെത്തി.
മലപ്പുറം എസ്.പിയുടെ ക്യാമ്പ് ഓഫീസിലെ മരംമുറിയിലും അജിത് കുമാറിനെ ബന്ധിപ്പിക്കുന്ന ഒന്നും തന്നെ കണ്ടെത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.