Newsskerala

തിരുവനന്തപുരത്ത് അഡ്വ. പേരൂർക്കട ഹരികുമാറും, കൊച്ചിയിൽ ടി.ആർ ദേവനും ശിവസേന സ്ഥാനാർത്ഥികൾ 

തൃശ്ശൂര്‍ : നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എന്‍ഡിഎ ഘടകകക്ഷിയായ ശിവസേന 15 സീറ്റുകള്‍ ആവശ്യപ്പെട്ടതായി നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സീറ്റ് വിഭജനം സംബന്ധിച്ച് ബിജെപി നേതൃത്വവുമായി ചര്‍ച്ചകള്‍ നടന്നുവരുന്നതായി നേതാക്കള്‍ വ്യക്തമാക്കി. തിരുവനന്തപുരം, അരുവിക്കര,വാമനപുരം ചവറ, കൊച്ചി, പിറവം, കൈപ്പമംഗലം, ഗുരുവായൂര്‍, തിരൂര്‍, മഞ്ചേരി തുടങ്ങി 14 ജില്ലകളിലായി 15 സീറ്റുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തൃശ്ശൂരില്‍ നടന്ന സംസ്ഥാന കമ്മിറ്റി ആദ്യഘട്ടമായി അഞ്ചംഗ സ്ഥാനാര്‍ത്ഥി പട്ടികയ്്ക്ക് അംഗീകാരം നല്‍കി. തിരുവനന്തപുരത്ത് ശിവസേന സംസ്ഥാന പ്രസിഡന്റ് അഡ്വ.പേരൂര്‍ക്കട ഹരികുമാറും, കൊച്ചിയില്‍ സംസ്ഥാന സെക്രട്ടറി ടി.ആര്‍.ദേവനും മത്സരിക്കും. ഇവര്‍ക്ക് പുറമെ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് രാജധാനി,  സംസ്ഥാന കോര്‍ കമ്മിറ്റി അംഗം അഡ്വ. സാം ഐസക്, സംസ്ഥാന സെക്രട്ടറി അനില്‍ ദാമോദര്‍ എന്നീ  പേരുകളാണ് അംഗീകരിച്ചത്. രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക മാര്‍ച്ച് 15 ന് പ്രഖ്യാപിക്കും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ കേരളത്തില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കുമെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. തിരഞ്ഞെടുപ്പില്‍ യുവ പ്രാതിനിധ്യം ഉറപ്പിക്കാന്‍ എന്‍ ഡി എ 50 ശതമാനം സീറ്റുകള്‍ യുവതി -യുവാക്കള്‍ക്കായി മാറ്റിവയ്ക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ഉണ്ടാക്കിയ മുന്നേറ്റത്തിന് തുടര്‍ച്ചയായിരിക്കും നിയമസഭാ മത്സരഫലങ്ങളെന്ന് ശിവസേന സംസ്ഥാന പ്രസിഡന്റ് അഡ്വ. പേരൂര്‍ക്കട ഹരികുമാര്‍ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി രാധാകൃഷ്ണമേനോന്റെ അധ്യക്ഷതയില്‍ തൃശൂര്‍ ബിനി ഹെറിറ്റേജില്‍ നടന്ന സംസ്ഥാന കമ്മിറ്റി യോഗം അഡ്വ. പേരൂര്‍ക്കട ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ്‌റ് അഡ്വ. രാജീവ് രാജധാനി, സംസ്ഥാന വക്താവ് ടി ആര്‍ ദേവന്‍,സെക്രട്ടറിമാരായ ഒറ്റശേഖരമംഗലം കൃഷ്ണന്‍കുട്ടി, അനില്‍ ദാമോദര്‍ ശ്രീവരാഹം രമേശ് ബാബു, നേതാക്കളായ അഡ്വ. സാം ഐസക്ക്, അഡ്വ, ബിജു വഴയില, വിനു കൊല്ലം, ശാന്താലയം ശശികുമാര്‍, വൈശാഖ് ബി എസ്, ബോസ് തേങ്കുറിശ്ശി, ബിജു വാരാപുരത്ത്, വിശ്വാസ് നായര്‍, രതീഷ് നായര്‍ തൃശ്ശൂര്‍, സതീഷ് വരിക്കാട്ട് തുടങ്ങിയ നേതാക്കളും യോഗത്തില്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *