സൈബർ ഇടങ്ങളിൽ സ്ത്രീകൾ വളരെ ശ്രദ്ധാപൂർവ്വം മാത്രം ഇടപെടണം. സൈബർ ലോകത്ത് സംശയകരമായ ഒന്നിന്റെയും ഭാഗമാകരുത് എന്നും ദോൺഗ്രെ ഓർമ്മിപ്പിച്ചു
തൃശൂർ: സ്ത്രീ ശാക്തീകരണം പൂർണമാകണമെങ്കിൽ സ്ത്രീകൾ തന്നെ മുന്നിട്ടിറങ്ങണമെന്ന് തൃശൂർ റൂറൽ എസ്. പി ഐശ്വര്യ ദോൺഗ്രെ. സ്ത്രീകൾ തന്നെ സ്ത്രീകൾക്കെതിരായി നിലകൊള്ളുന്ന സാഹചര്യങ്ങൾ ഉണ്ടാകാൻ പാടില്ല. സ്ത്രീകളുടെ വിഷയങ്ങളെ ഒറ്റക്കെട്ടായി സ്ത്രീകൾ നേരിടാൻ പഠിക്കണം. സ്ത്രീകൾ നേരിടുന്ന വിഷമതകളെക്കുറിച്ചോ പീഡനങ്ങളെ പറ്റിയോ വിവരം ലഭിച്ചാൽ ഉടൻതന്നെ പരാതിയുമായി അധികൃതരെ സമീപിക്കണമെന്നും എസ്.പി. പറഞ്ഞു.
കേന്ദ്ര വാർത്താ-വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിൽ സെൻട്രൽ ബ്യുറോ ഓഫ് കമ്മ്യൂണിക്കേഷൻ തൃശൂർ ഫീൽഡ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏക ഭാരതം ശ്രേഷ്ഠ ഭാരതം പരിപാടിയുടെ ഭാഗമായി വിമല കോളേജിലെ വിദ്യാർത്ഥിനികളുമായി സംവദിക്കയായിരുന്നു അവർ.
സൈബർ ഇടങ്ങളിൽ സ്ത്രീകൾ വളരെ ശ്രദ്ധാപൂർവ്വം മാത്രം ഇടപെടണം. സൈബർ ലോകത്ത് സംശയകരമായ ഒന്നിന്റെയും ഭാഗമാകരുത് എന്നും ദോൺഗ്രെ ഓർമ്മിപ്പിച്ചു. മുംബൈയിൽ ജനിച്ചുവളർന്ന താൻ എപ്പോഴും സമൂഹത്തിൻറെ പുരോഗതിയുടെ ഭാഗഭാക്കാവാൻ താല്പര്യപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെയാണ് സിവിൽ സർവീസ് തിരഞ്ഞെടുത്തത്.
അഞ്ചുവർഷത്തെ സിവിൽ സർവീസ് ജീവിതം പൂർണ്ണമായും സന്തോഷകരമായിരുന്നില്ല. ചില കാര്യങ്ങളിൽ നിരാശ തോന്നിയിട്ടുണ്ടെങ്കിൽ എപ്പോഴും വെല്ലുവിളികൾ ഏറ്റെടുക്കുവാനും മികവുറ്റ രീതിയിൽ പ്രവർത്തിക്കുവാനും ശ്രമിക്കുന്നു. സിവിൽ സർവീസ് ബാലികേറാമലയല്ലെന്നും ആദ്യ ശ്രമത്തിൽ പരാജയപ്പെട്ടാൽ പിന്തിരിയരുത് എന്നും അവർ പറഞ്ഞു.
പരിപാടിയുടെ ഭാഗമായി തുഞ്ചതെഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ടിന്റെ ഭാഗമായ ഗാന്താരി വിലാപത്തിന്റെ നൃത്താവിഷ്ക്കാരം, കേരള കലാമണ്ഡലത്തിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ചു.