തേക്കിന്‍കാട് മൈതാനിയില്‍ ഉഗ്രസ്‌ഫോടനം ഒഴിവായി
വെടിക്കെട്ട് പുരയ്ക്ക് സമീപം പടക്കം പൊട്ടിച്ചു: 3 പേര്‍ അറസ്റ്റില്‍
തൃശൂര്‍: തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കോപ്പുകള്‍ സൂക്ഷിച്ച അതീവസുരക്ഷാ മേഖലയില്‍ പടക്കം പൊട്ടിച്ച മൂന്ന് പേര്‍ പിടിയില്‍. കോട്ടയം സ്വദേശികളായ അജി, ഷിജാസ്, തൃശ്ശൂര്‍ എല്‍ത്തുരുത്ത് സ്വദേശി അനില്‍കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ചൈനീസ് പടക്കം പൊട്ടിക്കുന്നത് കണ്ട ഇവരെ പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
കനത്ത പോലീസ് ബന്തവസ്സിലായിരുന്നു പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ വെടിക്കെട്ടുപുരകള്‍. മഴയെ തുടര്‍ന്ന് വെടിക്കെട്ട് നാളെ നടത്താനിരിക്കെയായിരുന്നു. വെടിക്കെട്ടുപുരകളിലെ ഭൂഗര്‍ഭ അറകളിലാണ് വെടിക്കോപ്പുകള്‍ അതീവസുരക്ഷാ സജ്ജീകരണങ്ങളോടെ സൂക്ഷിച്ചിരിക്കുന്നത്. വന്‍ സ്‌ഫോടനത്തിന് ചെറിയൊരു തീപ്പൊരി മതി. പട്രോളിംഗ് നടത്തുകയായിരുന്ന പോലീസിന്റെ അവസരോചിത ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി.