തിരുവനന്തപുരം: എം.എല്‍.എ സ്ഥാനം രാജിവെയ്ക്കാന്‍ നിര്‍ദേശിച്ചത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും, ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയെന്ന് പി.വി.അന്‍വര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാജി സ്പീക്കര്‍ക്ക് ശനിയാഴ്ച തന്നെ ഇ-മെയില്‍ വഴി കൈമാറിയിരുന്നു. കൊല്‍ക്കത്തയില്‍ മമതാ ബാനര്‍ജിയുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ താന്‍ സംസാരിച്ചിരുന്നു. വന്യജീവി പ്രശ്‌നം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ടി.എം.സി നേതാക്കള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. മലയോര ജനതയ്ക്കായി പോരാടാന്‍ തൃണമൂല്‍ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പിണറായിസത്തിനെതിരെ പോരാടന്‍ പിന്തുണ നല്‍കിയ പൊതുസമൂഹത്തിന് നന്ദിയെന്ന് അദ്ദേഹം അറിയിച്ചു. ഇത് പോരാട്ടത്തിന്റെ അടുത്ത ഘട്ടമാണ്.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് മാപ്പു ചോദിക്കുന്നു. സതീശനെതിരെ ആരോപണം ഉന്നയിച്ചത് പൊളിറ്റിക്കല്‍ പി.ശശിയുടെ ആവശ്യപ്രകാരമായിരുന്നു. സതീശന് മാനഹാനിയുണ്ടായതില്‍ ഖേദം അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂരില്‍ താന്‍ മത്സരിക്കില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരില്‍ വി.എസ്.ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണം. മലയോര പ്രശ്‌നങ്ങള്‍ കൂടുതല്‍ അറിയാവുന്നത് ജോയിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.