തൃശൂര്‍: കേരളവര്‍മ്മ കോളേജിലെ വിദ്യാര്‍ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡിലായ യൂട്യൂബര്‍
‘മണവാളന്‍ ”എന്ന മുഹമ്മദ് ഷഹീന്‍ ഷാ വിയ്യൂര്‍ ജയിലിന് മുന്നിലും റീല്‍സെടുത്തു. ജയിലില്‍ കവാടത്തില്‍ കാത്തു നില്‍ക്കുമ്പോഴായിരുന്നു ഷഹിന്‍ഷാ റീല്‍സ് ചിത്രീകരിച്ചത്. ശക്തമായി തിരിച്ചു വരുമെന്ന പ്രതികരണത്തോടെയായിരുന്നു മണവാളന്റെ റീല്‍സ്. യൂട്യൂബില്‍ 15 ലക്ഷം ഫോളോവേഴ്‌സുള്ള മണവാളന്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ്.
ഏപ്രില്‍ 19ന് തൃശൂര്‍ പൂരം ദിവസം കേരള വര്‍മ്മ കോളേജിന് സമീപം വിദ്യാര്‍ഥികളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് മണവാളന്‍ അറസ്റ്റിലായത്.
പത്തു മാസം ഒളിവിലായിരുന്ന മണവാളനെ ഇന്നലെയാണ് തൃശൂര്‍ വെസ്റ്റ് പോലീസ് കുടകില്‍ നിന്ന് പിടികൂടിയത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു വിദ്യാര്‍ഥികളെ കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ചതിനു ശേഷം ഒളിവില്‍ ആയിരുന്നു മുഹമ്മദ് ഷെഹീന്‍ ഷാ.
തുടര്‍ന്ന് തൃശൂര്‍ വെസ്റ്റ് പോലീസ് ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേച്ചേരി എരനെല്ലൂര്‍ സ്വദേശിയാണ് പിടിയിലായ മണവാളന്‍.