തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം കടുപ്പിക്കുന്നു. സമരത്തോട് സര്‍ക്കാര്‍ മുഖംതിരിച്ചുനില്‍ക്കുന്നതിനാല്‍ നിയമം ലംഘിച്ചുള്ള സമരത്തിലേക്ക് കടക്കാന്‍ സമരസമിതി തീരുമാനിച്ചു. സെക്രട്ടേറിയറ്റ് നടയിലാണ് സമരം തുടരുന്നത്.
സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി 17 ന് സെക്രട്ടേറിയേറ്റ് ഉപരോധിക്കും. ഇതിനായി സമരത്തെ അനുകൂലിക്കുന്ന വിവിധ സംഘടനകളുടെ പിന്തുണയും സമരക്കാര്‍ തേടിയിട്ടുണ്ട്. അതേസമയം തങ്ങളെ അധിക്ഷേപിച്ച സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എന്‍. ഗോപിനാഥിന് സമരക്കാര്‍ അപകീര്‍ത്തി നോട്ടീസ് അയച്ചു.
കേരള ആശാ ഹെല്‍ത്ത് വര്‍ക്കേര്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.എ. ബിന്ദുവാണ് വക്കീല്‍ നോട്ടീസ് അയച്ചത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി സമരം ചെയ്യുന്ന ആശാ പ്രവര്‍ത്തകര്‍ക്ക് കുടയ്‌ക്കൊപ്പം ഉമ്മയും കൊടുത്തോയെന്ന പരാമര്‍ശം പിന്‍വലിച്ച് പരസ്യമായി ക്ഷമാപണം നടത്തണമെന്നാണ് ആവശ്യം.