തൃശൂര്‍: സുരേഷ് ഗോപിയുടെവോട്ട് ഗുരുവായൂരിലേക്ക് മാറിയതില്‍ വിശദീകരണവുമായി എംപി ഓഫീസ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ നെട്ടിശ്ശേരിയിലെ വാടക വീട് വിലാസത്തില്‍ ആയിരുന്നു സുരേഷ് ഗോപിക്ക് വോട്ട്. നെട്ടിശേരിയിലെ വാടക വീട് വില്‍പ്പന നടത്തിയതിനാലാണ് ഗുരുവായൂരിലെ സ്വന്തം ഫ്ളാറ്റിലേക്ക് സുരേഷ് ഗോപിയുടെ വോട്ട് മാറ്റിയത്. കുടുംബാംഗങ്ങളുടെ വോട്ട് തിരുവനന്തപുരത്തേക്ക് മാറ്റുകയും ചെയ്തുവെന്ന് സുരേഷ് ഗോപിയുടെ ഓഫീസ് വിശദീകരിച്ചു. എസ്ഐആറിന് ശേഷമുള്ള വോട്ടര്‍ പട്ടിക പുറത്ത് വന്നപ്പോള്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് സുരേഷ് ഗോപിക്ക് വോട്ടുള്ളത്. 697 നമ്പര്‍ വോട്ടര്‍ ആയാണ് ചേര്‍ത്തിരിക്കുന്നത്. ക്ഷേത്രത്തോട് ചേര്‍ന്ന അച്യുതം ഫ്ളാറ്റിലാണ് വോട്ട് ചേര്‍ത്തത്. ഗുരുവായൂരിലെ ആദ്യത്തെ ഫ്ളാറ്റ് സമുച്ചയങ്ങളില്‍ ഒന്നാണ് അച്യുതം. സുരേഷ് ഗോപിയുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഫ്ളാറ്റ്. കെ മുരളീധരന് ഉള്‍പ്പെടെയുള്ളവര്‍ക്കും അച്യുതത്തില്‍ ഫ്ളാറ്റ് ഉണ്ട്. ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി രണ്ടിടത്തായിരുന്നു വോട്ട് ചെയ്തത്. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കുടുംബവും തൃശൂര്‍ കോര്‍പ്പറേഷനിലെ നെട്ടിശ്ശേരിയില്‍ സ്ഥിരതാമസക്കാരാണെന്ന് പറഞ്ഞാണ് വോട്ട് ചേര്‍ത്തതും ചെയ്തതും. ഇപ്പോള്‍ നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അദ്ദേഹവും കുടുംബവും വോട്ട് ചെയ്തത് തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം ഡിവിഷനിലുമായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ്: സുരേഷ്ഗോപിക്ക് വോട്ട് ഗുരുവായൂരില്‍

















