തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവരെ മനഃപ്പൂര്‍വം കുടുക്കുകയായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 41 ദിവസം ജയിലില്‍ കിടത്തിയത് സംശയാസ്പദം. മുഖ്യമന്ത്രിയുടെ ഓഫീസിലെ നിര്‍ദ്ദേശപ്രകാരമാണ് എസ്ഐടി പ്രവര്‍ത്തിച്ചത്. യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ മുതിരാതെ എസ്ഐടി ശബരിമല തന്ത്രിയെ അറസ്റ്റ് ചെയ്തത് ഒരു തെളിവുമില്ലാതെയാണെന്ന് ചെന്നിത്തല പറഞ്ഞു.
തന്ത്രിക്ക് ജാമ്യം ലഭിക്കുന്നതിനെ എസ്ഐടി എതിര്‍ത്തു. എന്നാല്‍ അതിനു വിരുദ്ധമാണ് കൊല്ലം വിജിലന്‍സ് കോടതിയിലെ വിധിന്യായം. കൊള്ളയില്‍ തന്ത്രിയെ ബന്ധപ്പെടുത്തുന്നതിന് ഒരു തെളിവുമില്ല എന്ന് കൊല്ലം വിജിലന്‍സ് കോടതി പറഞ്ഞു. ശബരിമല തന്ത്രി അയ്യപ്പന്റെ പിതാവിന്റെ സ്ഥാനത്തുള്ള വ്യക്തിയാണ്. ശബരിമല തന്ത്രിയെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായി. അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ചെന്നിത്തല പറഞ്ഞു.














