തൃശൂര്‍: ബിനി ടൂറിസ്റ്റ് ഹോം വിഷയത്തെച്ചൊല്ലി കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷം. ബിനി ടൂറിസ്റ്റ് ഹോം വിഷയത്തില്‍ നഷ്ടമായ ഫയലിനെച്ചൊല്ലിയായിരുന്നു ബഹളം തുടങ്ങിയത്. ഫയല്‍ കാണാനില്ലെന്നും, എവിടെയെന്നും ചോദിച്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ മേയറുടെ ഡയസില്‍ കയറി. ബഹളത്തിനിടെ കൗണ്‍സിലര്‍മാരോട് സീറ്റില്‍ പോയി ഇരിക്കാന്‍ മേയര്‍ എം.കെ.വര്‍ഗീസ് ആവശ്യപ്പെട്ടു. ഇതിനിടെ കൂടുതല്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ മുദ്രാവാക്യം വിളികളോടെ മേയറുടെ ഡയസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു.
പ്രതിപക്ഷ കൗണ്‍സിലര്‍മാരെ ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ തടഞ്ഞതോടെ ഇരുവിഭാഗവും തമ്മില്‍ ഉന്തുംതള്ളുമായി. പിടിവലിക്കിടെ യു.ഡി.എഫ് കൗണ്‍സിലര്‍മാരായ ജയപ്രകാശ് പൂവത്തിങ്കല്‍, സുനിത എന്നിവര്‍ക്ക് പരിക്കേറ്റു. ഉന്തുംതള്ളും നടക്കുന്നതിനിടെ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.എ.ഗോപകുമാറിന്റെ ആറായിരം രൂപ നഷ്ടമായി.
കൗണ്‍സില്‍ യോഗത്തിലെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം ആസൂത്രിതമെന്ന് മേയര്‍ എം.കെ.വര്‍ഗീസ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. ബിനി ടൂറിസ്റ്റ് ഹോമുമായി ബന്ധപ്പെട്ട് അനധികൃതമായി പൊളിച്ചവര്‍ക്ക് എതിരെ നിയമാനുസൃത നടപടി സ്വീകരിക്കുമെന്ന് താന്‍ ഉറപ്പുനല്‍കിയിരുന്നു. ഇന്നത്തെ കൗണ്‍സിലില്‍ വെച്ച് പി.കെ. ഷാജനും വര്‍ഗ്ഗീസ് കണ്ടംകുളത്തിയും ഈ നടപടി ഒരിക്കല്‍ കൂടി പ്രഖ്യാപിക്കുകയും ചെയ്തിരുന്നുവെന്നും മേയര്‍ വ്യക്തമാക്കി. എന്നാല്‍ ഇതൊന്നും ചെവിക്കൊള്ളാതെ പ്രതിപക്ഷം ബഹളം മന:പൂര്‍വം ഉണ്ടാക്കുകയായിരുന്നു.. സാധാരണ ഗതിയില്‍ ഉള്ളതുപോലെ 96 അജണ്ടയ്ക്കുള്ള 96 ഫയലും കൗണ്‍സിലില്‍ ഉണ്ടായിരുന്നു. ശനിയാഴ്ച്ച മുനിസിപ്പല്‍ കോടതിയില്‍ നിന്നും കമ്മീഷന്‍ വരികയും ഇന്ന് ഫയല്‍ ഹാജരാക്കണമെന്ന് പറയുകയും ചെയ്തിരുന്നു. ആ സമയം കൗണ്‍സിലര്‍മാരായ എ.കെ. സുരേഷ്, മുകേഷ് കൂളപ്പറമ്പില്‍ എന്നിവരും കമ്മീഷനൊപ്പം ഉണ്ടായിരുന്നു. അതിന്റെ ഭാഗമായി ഫയല്‍ കമ്മീഷനെ കാണിക്കാന്‍ ഫയല്‍ സെക്ഷനിലേയ്ക്ക് എടുത്തിരിക്കുകയായിരുന്നു. ഇതറിഞ്ഞുകൊണ്ടു തന്നെയാണ് ചില പ്രതിപക്ഷ അനാവശ്യമായ ബഹളവും കയ്യേറ്റവും ഉണ്ടാക്കിയത്. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളില്‍ കൗണ്‍സിലര്‍ കെ. രാമനാഥന്‍ ഉള്‍പ്പെടെയുള്ളവര്‍ കൗണ്‍സില്‍ സെക്ഷനിലെത്തി ഈ ഫയല്‍ കാണുകയും നേരിട്ട് പരിശോധന നടത്തിയിട്ടുള്ളതുമാണ്. ഈ വസ്തുതകള്‍ അറിഞ്ഞുകൊണ്ടുതന്നെയാണ് ഇന്നത്തെ കൗണ്‍സില്‍ യോഗം അലങ്കോലമാക്കാന്‍ ശ്രമിച്ചതെന്നും മേയര്‍ കുറ്റപ്പെടുത്തി.
ബിനി ടൂറിസ്റ്റ് വിഷയം ചര്‍ച്ച ചെയ്യാതിരിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമായാണ് മേയര്‍ കൗണ്‍സില്‍ പിരിച്ചുവിട്ടതെന്ന് പ്രതിപക്ഷ നേതാവ് രാജന്‍ പല്ലന്‍, പ്രതിപക്ഷ കൗണ്‍സിലര്‍മാരായ ജോണ്‍ ഡാനിയല്‍, സുനില്‍രാജ് എന്നിവര്‍ പറഞ്ഞു. അജണ്ട വോട്ടിനിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം മേയര്‍ക്ക് കത്ത് നല്‍കിയിരുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം തയ്യാറാണെന്നിരിക്കെ അക്രമം കാട്ടി അജണ്ടയില്‍ മേലുള്ള ചര്‍ച്ച ഒഴിവാക്കുന്നതിനുള്ള അടവാണ് മേയര്‍ കാണിച്ചത്. ഇതിന്റെ ഭാഗമായാണ് അജണ്ടയുമായി ബന്ധപ്പെട്ട ഫയല്‍ കൗണ്‍സിലര്‍മാര്‍ക്ക് പരിശോധിക്കാന്‍ നല്‍കാതിരുന്നതെന്നും പല്ലന്‍ ആരോപിച്ചു.