ശ്രീനഗര്‍: ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനില്‍ ഭീകരരില്‍ നിന്ന് പിടിച്ചെടുത്ത സ്ഫോടന വസ്തുക്കള്‍ പൊട്ടിത്തെറിച്ച് ഏഴ് പേര് മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ അഞ്ച് പേരുടെ നില ഗുരുതരം. സ്ഫോടനത്തില്‍ സ്റ്റേഷനും വാഹനങ്ങളും കത്തിയമര്‍ന്നു.
ഡല്‍ഹി ചെങ്കോട്ട സ്ഫോടന കേസില്‍ ഉള്‍പ്പെടെ അറസ്റ്റിലായവരില്‍ നിന്ന് ജമ്മു കഷ്മീര്‍ പോലീസ്
പിടിച്ചെടുത്ത സ്ഫോടക വസ്തുക്കള്‍ പരിശോധിക്കുന്നതിനിടെ ഇവ പൊട്ടിത്തെറിക്കുകയായിരുന്നു. അമോണിയം നൈട്രേറ്റ് ഉള്‍പ്പടെ ഇവിടെ സൂക്ഷിച്ചിരുന്നു. തഹസീല്‍ദാര്‍ അടക്കം ഉദ്യോഗസ്ഥരും സ്റ്റേഷനില്‍ ഉണ്ടായിരുന്നു. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്.
പോലീസും ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ സംഘവുമാണ് പരിശോധന നടത്തിയത്. സ്ഫോടനത്തില്‍ സമീപത്തുള്ള കെട്ടിടങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ഇന്ത്യന്‍ ആര്‍മിയുടെ 92 ബേസ് ആശുപത്രിയിലും ഷേര്‍-ഇ-കഷ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും പ്രവേശിപ്പിച്ചു.















