തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം പരിഗണിക്കാതിരുന്നതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ജീവനൊടുക്കി. തൃക്കണ്ണാപുരം വാര്‍ഡിലെ ആനന്ദ് കെ തമ്പിയാണ് ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ തൃക്കണ്ണാപുരം വാര്‍ഡില്‍ നേരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നു. സീറ്റ് നല്‍കാത്തതില്‍ മനംനൊന്താണ് ആത്മഹത്യ എന്നാണ് പൊലീസിന്റെ നിഗമനം.
ആത്മഹത്യയ്ക്ക് മുമ്പ് ആനന്ദ് സുഹൃത്തുകള്‍ക്ക് അയച്ച വാട്‌സ് സന്ദേശം പുറത്ത് വന്നു. ബിജെപി നേതാക്കള്‍ക്കെതിരെയാണ് ആനന്ദിന്റെ കുറിപ്പ്. സ്ഥാനാര്‍ത്ഥിയാക്കാത്തതിന് പിന്നില്‍ ബിജെപി നേതാക്കളാണെന്ന് കുറിപ്പില്‍ ആരോപിക്കുന്നു. ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ക്ക് മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്നും ആനന്ദിന്റെ കുറിപ്പില്‍ പറയുന്നു. തൃക്കണ്ണാപുരത്ത് സ്ഥാനാര്‍ത്ഥിയാക്കിയത് മണ്ണ് മാഫിയക്കാരനെയാണെന്നും ആനന്ദ് ആരോപിക്കുന്നു. അതേസമയം, ഇദ്ദേഹത്തിന്റെ പേര് ലിസ്റ്റില്‍ ഉണ്ടായിരുന്നില്ലെന്നാണ് ബിജെപി നേതൃത്വം വിശദീകരിക്കുന്നത്.














