കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസില്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചിട്ടും ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയില്ല. ജാമ്യ ഉത്തരവ് ജയിലില്‍ കൊണ്ടുവരേണ്ടെന്ന് ബോബി ചെമ്മണ്ണൂര്‍ അഭിഭാഷകനെ അറിയിച്ചു. ഇന്ന് ജാമ്യ അപേക്ഷയുമായി എത്തിയാലും ബോണ്ടില്‍ ഒപ്പുവെക്കില്ലെന്നും അഭിഭാഷകനെ അറിയിച്ചു. ഇതോടെയാണ് അഭിഭാഷകര്‍ ജയിലിനു മുന്നില്‍ എത്തിയിട്ടും ജാമ്യ അപേക്ഷയുമായി ജയിലില്‍ കയറാതെയിരുന്നത്.
റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളില്‍ കുരുങ്ങി പുറത്തിറങ്ങാന്‍ പറ്റാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് താന്‍ ജയിലില്‍ തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള തടവുകാര്‍ പുറത്തിറങ്ങും വരെ താനും കാക്കനാട് ജയിലില്‍ തുടരുമെന്ന് ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു.
അഭിഭാഷകര്‍ ഇല്ലാതെയും, ബോണ്ട് തുക കെട്ടിവയ്ക്കാന്‍ കഴിയാതെ നിരവധി തടവുകാര്‍ ജയിലില്‍ ഉണ്ടെന്നും ബോബി ചെമ്മണ്ണൂര്‍ അഭിഭാഷകരെ അറിയിച്ചു.
ജയിലില്‍ നിന്ന് പുറത്തിറങ്ങുന്ന ബോബിയെ സ്വീകരിക്കാന്‍ നൂറുകണക്കിനു പേര് കാക്കനാട് ജില്ലാ ജയിലിന് മുമ്പില്‍ കാത്തുനിന്നിരുന്നു.
സ്വാഭാവിക ഉപാധികളോടെയാണ് ജാമ്യമാണ് ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി അനുവദിച്ചത്. 50000 രൂപയും രണ്ട് ആള് ജാമ്യത്തിന്റെയും അടിസ്ഥാനത്തിലാണ് ജാമ്യം. ഒപ്പം അന്വേഷണ ഉദ്യോഗസ്ഥരുമായി പൂര്‍ണമായും സഹകരിക്കണം, ഏത് ഘട്ടത്തിലും അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിച്ചാല്‍ ഹാജരാകണം തുടങ്ങിയ നിര്‍ദേശങ്ങളും കോടതി മുന്നോട്ട് വച്ചിട്ടുണ്ട്. തെറ്റ് ആവര്‍ത്തിച്ചാല്‍ ജാമ്യം റദ്ദ് ചെയ്യും.