കൊച്ചി: അള്ളാഹുവും ഗണപതിയും വിശ്വാസ പ്രമാണങ്ങളുടെ ഭാഗമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ഗണപതി മിത്താണെന്ന് താനോ സ്പീക്കര്‍ എഎന്‍ ഷംസീറോ പറഞ്ഞിട്ടില്ല. വിശ്വാസ പ്രമാണങ്ങളെ മിത്താണെന്ന് പറയേണ്ട കാര്യമില്ല. പരശുരാമന് മഴു എറിഞ്ഞ് കേരളം ഉണ്ടാക്കിയെന്നത് മിത്താണ്. വിശ്വാസികള്‍ വിശ്വാസത്തിന്റെ ഭാഗമായി അള്ളാഹുവിലും ഗണപതിയിലും വിശ്വസിക്കുന്നു. അതാരും ചോദ്യം ചെയ്തിട്ടില്ല. കള്ള പ്രചാരവേലകളാണ് നടക്കുന്നതെന്നും അദ്ദേഹം ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മുന്‍പ് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എം.വി. ഗോവിന്ദന് ഗണപതി മിത്താണെന്ന് പറഞ്ഞിരുന്നു. വിഷയം കൂടുതല്‍ ശക്തമായി എന്‍.എസ്.എസും ബി.ജെ.പിയും ഉന്നയിക്കുമ്പോഴാണ് മിത്താണെന്ന് പറഞ്ഞിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പറയുന്നത്.
വിവാദത്തില്‍ വി.ഡി. സതീശനും കെ.സുരേന്ദ്രനും ഒരേ നിലപാടാണെന്ന് എം.വി. ഗോവിന്ദന് കുറ്റപ്പെടുത്തി.
സ്പീക്കര്‍ തിരുത്തണമെന്ന് ചെന്നിത്തല
മിത്ത് വിവാദത്തില്‍ എം.വി. ഗോവിന്ദന് മലക്കം മറിഞ്ഞതോടെ ഇനി സ്പീക്കര്‍ തിരുത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.തിരുവനന്തപുരത്ത് ഗണപതി മിത്താണെന്ന് ഗോവിന്ദന് പറഞ്ഞിരുന്നു. ദില്ലിയിലെത്തിയപ്പോള്‍ മലക്കം മറിഞ്ഞു.പാര്‍ട്ടി സെക്രട്ടറി നിലപാട് പറഞ്ഞതോടെ സ്പീക്കര്‍ക്ക് ഇനി തിരുത്താതിരിക്കാനാകില്ല.ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലെന്ന് വിശദീകരിച്ച എം.വി.ഗോവിന്ദന് പാര്‍ട്ടി വിശ്വാസികളോടൊപ്പമാണെന്നും വ്യക്തമാക്കി. ഷംസീറും നിലപാട് തിരുത്തിയാല്‍ പ്രശ്നം ഇവിടെ അവസാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.