കോഴിക്കോട്: ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ വീഡിയോ ചിത്രീകരിച്ച യുവതി ഒളിവില്‍ പോയതായി സൂചന. വടകര സ്വദേശി ഷിംജിതയ്ക്കെതിരേ പോലീസ് ഇന്നലെ കേസെടുത്തിരുന്നു.
ഇവര്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് തിരച്ചില്‍ ആരംഭിച്ചു. മരിച്ച ഗോവിന്ദാപുരം സ്വദേശിയായ ദീപക്കിന്റെ അമ്മയുടെ പരാതിയില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഇവര്‍ക്കെതിരെ പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ യുവതി ഒളിവില്‍ പോയെന്നാണ് വിവരം.
ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിനൊപ്പം യുവതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ സൈബര്‍ പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്.
തിങ്കളാഴ്ച വൈകുന്നേരത്തോടെ മെഡിക്കല്‍ കോളേജ് പോലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്നും മകന്‍ സൂചിപ്പിച്ചിരുന്നുവെന്നും ദീപക്കിന്റെ മാതാപിതാക്കള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമായതോടെ യുവതി തന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നീക്കം ചെയ്തിരിക്കുകയാണ്. സംഭവത്തില്‍ ഉത്തരമേഖലാ ഡിഐജി നേരിട്ട് അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.
ബസ് യാത്രയ്ക്കിടെ ഉണ്ടായ സംഭവം വടകര പൊലീസിനെ അറിയിച്ചിരുന്നതായി യുവതി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്ന് വടകര ഇന്‍സ്പെക്ടര്‍ വ്യക്തമാക്കിയതോടെ യുവതിയുടെ വാദം പൊളിഞ്ഞു.
















