തൃശൂര്‍: കോര്‍പറേഷന്റെ കീഴിലുള്ള ജില്ലാ ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് മുടങ്ങിയതില്‍ രോഗികളുടെ പ്രതിഷേധം. ഡയാലിസിസിനെത്തിയ രോഗികള്‍ ആര്‍.എം.ഒയെ ഉപരോധിച്ചു. ഇവിടെയുള്ള ഡയാലിസിസ് യന്ത്രങ്ങളെല്ലാം കാലാവധി കഴിഞ്ഞവയാണ്. ഒന്‍പത് മാസത്തോളമായി നിരന്തരം ഡയാലിസിസ് മുടങ്ങുന്നതായാണ് രോഗികളുടെ പരാതി. ഡയാലിസിസിന് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാന്‍ സൂപ്രണ്ട് നിര്‍ദേശിച്ചതായും രോഗികള്‍ പറയുന്നു. കാലാവധി കഴിഞ്ഞ യന്ത്രങ്ങള്‍ മിക്കവയും റിപ്പര്‍ ചെയ്താണ് പ്രവര്‍ത്തിപ്പിക്കുന്നത്. നാല് പുതിയ ഡയാലിസിസ് യന്ത്രങ്ങള്‍ നാളെ എത്തുമെന്നറിയിച്ചതോടെയാണ് രോഗികള്‍ ഉപരോധം അവസാനിപ്പിച്ചത്. സ്വകാര്യ ആശുപത്രികളില്‍ ഡയാലിസിസ് നടത്താന്‍ ഏഴായിരം രൂപയെങ്കിലും വേണം. ജനറല്‍ ആശുപത്രിയില്‍ പതിനാലോളം ഡയാലിസിസ് യന്ത്രങ്ങളുണ്ട്.