തൃശൂര്‍: കാടിന്റെ സ്വച്ഛശാന്തയും, ധ്യാനമൗനവും,നിഗൂഢഭാവങ്ങളും പ്രതിഫലിക്കുന്ന അപൂര്‍വചിത്രങ്ങളുമായി ഗ്രീന്‍വാരിയേഴ്‌സിന്റെ ഫോട്ടോപ്രദര്‍ശനം വന്യം-2024. മാനം മൂടിക്കെട്ടിയ നേരത്ത് മഴവില്ലഴകില്‍ മയില്‍ നൃത്തം. വെളുപ്പും, കറുപ്പും,
മഞ്ഞയും, ചുവപ്പും നിറത്തില്‍ മലമുഴക്കി വേഴാമ്പലുകള്‍. നിലാവെട്ടത്തില്‍ കാട്ടുചോല നീന്തിക്കടക്കുന്ന കടുവ. പേരറിയാത്ത പലതരം പൂക്കളും, പലവര്‍ണങ്ങളില്‍ ശലഭങ്ങളും. ഇലച്ചാര്‍ത്തുകളില്‍ കിളിക്കൂട്ടങ്ങള്‍. പുല്‍മേടകളില്‍ പുള്ളിമാനുകള്‍, കാട്ടുപൊന്തകള്‍ക്കിടയിലെ ഇഴജീവികള്‍ തുടങ്ങി ജൈവവൈവിധ്യത്തിന്റെ വിസ്മയക്കാഴ്ചകളാണ് ഫോട്ടോപ്രദര്‍ശനത്തിലെ സവിശേഷത.
കാടിന്റെ നേര്‍ക്കാഴ്ചയായി 55 ഫോട്ടോഗ്രാഫര്‍മാരുടെ എഴുപത്തഞ്ചോളം
ചിത്രങ്ങള്‍ കാണാം. വിദേശത്തെ വന്യമൃഗസങ്കേതങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാര്‍ ഉള്‍പ്പെട്ട ഗ്രീന്‍വാരിയേഴ്‌സില്‍ അധികം പേരും പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരല്ല.
പ്രകൃതിയെയും, പരിസ്ഥിതിയെയും കാട്ടിനെയും സ്്‌നേഹിക്കുന്നവരുടെ കൂട്ടായ്മയാണിത്.
പ്രദര്‍ശനത്തിലുള്ള ഫോട്ടോകള്‍ വിറ്റുകിട്ടുന്ന വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യും. ലളിതകലാ അക്കാദമിയിലായിരുന്നു പ്രദർശനം