കൊച്ചി: ചിരിപ്പടങ്ങളുടെ സംവിധായകന്‍ ഇനി ഓര്‍മ. പ്രശസ്ത സംവിധായകന്‍ സിദ്ദിഖ് (63) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ രാത്രി ഒമ്പതോടെയായിരുന്നു അന്ത്യം. ദീര്‍ഘനാളായി കരള്‍രോഗ ബാധിതനായിരുന്ന അദ്ദേഹം ജൂലൈ 10 മുതല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂന്ന് പതിറ്റാണ്ടോളം മലയാളികളെ ചിരിപ്പിച്ച സിനിമകളുടെ സംവിധായകനും രചയിതാവുമായിരുന്നു അദ്ദേഹം
ഒരുഘട്ടത്തില്‍ നില മെച്ചപ്പെട്ടിരുന്നെങ്കിലും ന്യുമോണിയ ബാധിച്ചതും ഹൃദയാഘാതം സംഭവിച്ചതും നില വഷളാക്കി. ഇന്നലെ വൈകുന്നേരം മൂന്നോടെ ഹൃദയാഘാതം സംഭവിച്ചതിന് ശേഷം എക്‌മോ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
നേരത്തെ ശ്വാസകോശ സംബന്ധമായ അസുഖവും അദ്ദേഹത്തെ അലട്ടിയിരുന്നു. ശ്വാസകോശത്തിലുണ്ടായ അണുബാധയും ആരോഗ്യസ്ഥിതി വഷളാക്കി. കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം മോശമായത് സ്ഥിതി സങ്കീര്‍ണമാക്കി.
മരണ സമയത്ത് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ആശുപത്രിയില്‍ ഉണ്ടായിരുന്നു. സജിതയാണ് ഭാര്യ. സുമയ്യ. സൂക്കൂന്‍, സാറ എന്നിവരാണ് മക്കള്‍. മൃതദേഹം നാളെ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് 12 വരെ കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
സിദ്ദിഖ്-ലാല്‍ എന്ന പേരില്‍ പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളും അക്കാലത്തെ സൂപ്പര്‍ ഹിറ്റുകളായിരുന്നു. 1989-ല്‍ പുറത്തിറങ്ങിയ റാം ജീ റാവു സ്പീക്കിംഗ് ആണ് ആദ്യമായി ഇരുവരും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രം. പിന്നീട് ഓരോ വര്‍ഷത്തിന്റെ ഇടവേളകളില്‍ ബോക്‌സ് ഓഫീസ് റിക്കോര്‍ഡുകള്‍ തകര്‍ത്തതാണ് സിദ്ദിഖ്-ലാല്‍ ചിത്രങ്ങളുടെ ചരിത്രം. 1990-ല്‍ ഇന്‍ഹരിഹര്‍ നഗറും 91-ല്‍ ഗോഡ്ഫാദറും 92-ല്‍ വിയറ്റനാം കോളനിയും 1994-ല്‍ കാബൂളിവാലയും പുറത്തിറങ്ങി.
മമ്മൂട്ടി നായകനായെത്തിയ ഹിറ്റ്‌ലര്‍ എന്ന ചിത്രത്തിലൂടെയാണ് സിദ്ദിഖ് സ്വതന്ത്ര സംവിധായകനായത്. ഈ ചിത്രം നിര്‍മിച്ചത് ലാല്‍ ആയിരുന്നു. പിന്നീട് ഫ്രണ്ട്സ്, ഫ്രണ്ട്സ് (തമിഴ്), ക്രോണിക് ബാച്ച്ലര്‍, എങ്കള്‍ അണ്ണ (തമിഴ്), സാധു മിറാന്‍ഡ (തമിഴ്), ബോഡി ഗാര്‍ഡ്, കാവലന്‍ (തമിഴ്), ബോഡി ഗാര്‍ഡ് (ഹിന്ദി), ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍, ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍, ഫുക്രി, ബിഗ് ബ്രദര്‍ (2019) എന്നിവയാണ് സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.