തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി-മാലിന്യം കൊണ്ടുപോകുന്നതിന് ഇലക്ട്രിക് ഓട്ടോറിക്ഷ
തൃശൂർ: മുളംകുന്നത്തുകാവിൽ പ്രവർത്തിക്കുന്ന തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിക്ക് മാലിന്യം കൊണ്ടു പോകുന്നതിന് ഇലക്ട്രിക് ഓട്ടോറിക്ഷ. ആശുപത്രിയുടെ പുറത്തുള്ള സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് ഭക്ഷണ അവശിഷ്ടങ്ങളും, ഖരമാലിന്യങ്ങളും ആശുപത്രിയിൽ നിന്ന് എത്തിക്കുന്നതിന് ഏറെ സഹായകരമാകും. വളരെയധികം പ്രയാസപ്പെട്ട്, ആശുപത്രിയിലെ ജീവനക്കാരാണ് ഇപ്പോൾമാലിന്യങ്ങൾ എത്തിച്ചു കൊണ്ടിരിക്കുന്നത് എന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മഹീന്ദ്ര കമ്പനിയുടെ ട്രെയോ സോർ (Treo Zor) ഇലക്ട്രിക് ഓട്ടോറിക്ഷയാണ് വാങ്ങിയിട്ടുള്ളത്.
സർക്കാരിന്റെ, മെഡിക്കൽ എജുക്കേഷൻ വകുപ്പിൽ, മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാലിന്യസംസ്കരണ പദ്ധതികൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായുള്ള വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 4.15 ലക്ഷം രൂപ വിലയുള്ള ഓട്ടോറിക്ഷ വാങ്ങിയിട്ടുള്ളത്.
പ്രിൻസിപ്പാൾ ഓട്ടോറിക്ഷ ആശുപത്രി സൂപ്രണ്ടിന് കൈമാറി.